ന്ത്യയിലെ വിപണി അറിഞ്ഞ് വാഹനമെത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് എം.ജി. മോട്ടോഴ്‌സ്. കമ്പനിയുടെ ഇന്ത്യയിലെ വാഹനനിരയിലേക്ക് രണ്ടാമനായി ഇലക്ട്രിക് മോഡല്‍ എത്തിച്ചതിലൂടെ ഇത് അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍, ഈ വാഹനത്തിന്റെ വില സാധാരണക്കാരനും അപ്രാപ്യമാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എം.ജിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഇലക്ട്രിക് വാഹനം എത്തിക്കാനുള്ള നടപടികള്‍ എം.ജി. മോട്ടോഴ്‌സ് സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ വില വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് അറിയിച്ചിട്ടുള്ളത്. എം.ജിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ക്രോസ്ഓവര്‍ വാഹനമായിരിക്കും ഇനിയെത്തുന്ന ഇലക്ട്രിക് വാഹനമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. 

കുറഞ്ഞ വിലയ്‌ക്കൊപ്പം ഉയര്‍ന്ന റേഞ്ചുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്ര. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനമായിരിക്കും ഒരുങ്ങുക. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ശ്രേണിയായ ഫോര്‍ സബ് മീറ്ററിലേക്കായിരിക്കും ക്രോസ്ഓവറായി എം.ജിയുടെ പുതിയ ഇലക്ട്രിക് മോഡല്‍ എത്തുക. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഇലക്ട്രിക് മോഡലായ നെക്‌സോണിനെതിരേ മത്സരിക്കാനാണ് ഈ വാഹനം എത്തുന്നതെന്നാണ് വിലയിരുത്തലുകള്‍.

ആസ്റ്റര്‍ എസ്.യു.വിക്ക് ശേഷമുള്ള വാഹനമായ ഇലക്ട്രിക് മോഡല്‍ എത്തിക്കാനുള്ള ആലോചനയിലാണ് എം.ജി. മോട്ടോഴ്‌സ്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാരും വ്യക്തമായ നയങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എം.ജി. മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റും. മാനേജിങ്ങ് ഡയറക്ടറുമായ രാജീവ് ചബ്ബ അറിയിച്ചു. കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം എത്തിക്കുന്നതിലൂടെ വലിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

10-15 ലക്ഷം രൂപയ്ക്ക് ഇടയില്‍ വിലയുള്ള ഇലക്ട്രിക് വാഹനം എത്തിക്കുന്നതിലൂടെ എം.ജിയുടെ വോളിയം ഇലക്ട്രിക് കാറായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായി ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പ്രദേശികമായി നിര്‍മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ എം.ജി. ZS EV-യാണ് എം.ജിയില്‍ നിന്ന് എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനം.

Content Highlights: MG Motors Planning To Launch Affordable Electric Cross Over In Next Year, Electric Car