ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹനനിര്‍മാതാക്കളായ മോറിസ് ഗ്യാരേജ് (എംജി) മോട്ടോഴ്‌സ് ഇന്ത്യയില്‍ 3000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയിലെത്തിച്ച ആദ്യ വാഹനം വിജയിച്ചതിന് പിന്നാലെയാണ് കമ്പനി വലിയ നിക്ഷേപത്തിനൊരുങ്ങുന്നത്. 

ഗുജറാത്തിലെ ഹാലോലില്‍ വാഹന നിര്‍മാണ പ്ലാന്റും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനായി 2000 കോടിയുടെ നിക്ഷേപമാണ് നിലവില്‍ എംജി നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് എംജിക്ക് ഉള്ളതെന്നും അതിനായാണ് 3000 കോടിയുടെ നിക്ഷേപം കൂടി നടത്തുന്നതെന്നും എംജി അറിയിച്ചു. 

എംജി ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടറിന്റെ വില്‍പ്പന 13,000 കടന്നു. ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‌യുവി ഉടന്‍ നിരത്തുകളിലെത്തും. എന്നാല്‍, 2021-ഓടെ എംജിയുടെ നാല് മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എംജി കൊമേഷ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

ഹെക്ടറിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് നവംബര്‍ മാസം മുതല്‍ ഹെക്ടറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചിരുന്നു. ആഗോളതലത്തില്‍ തന്നെ എസ്‌യുവി വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമായതിനാല്‍ ഈ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കായിരിക്കും എംജി പ്രാധാന്യം നല്‍കുകയെന്നും ഗൗരവ് ഗുപ്ത അഭിപ്രായപ്പെട്ടു. 

എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടെയുള്ള 250 ഷോറൂമുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് എംജി മോട്ടോഴ്‌സ് അവകാശപ്പെട്ടു.

Content Highlights: MG Motors Planning To Invest RS 3000 Crore In India