പ്രതീകാത്മക ചിത്രം | Photo: MG Motors UK
എം.ജി. മോട്ടോഴ്‌സില്‍ നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയായ ZS EV-യുടെ പെട്രോള്‍ പതിപ്പ് ഈ വര്‍ഷം പകുതിയോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന. ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി.ശ്രേണിയിലേക്ക് എത്തുന്ന ഈ വാഹനത്തിന് ആസ്റ്റര്‍ എന്ന പേര് നല്‍കിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനാണ് ഈ വാഹനം എത്തുന്നത്.
ആസ്റ്റര്‍ എന്ന പേരിന് എം.ജി.മോട്ടോഴ്‌സ് പേറ്റന്റ് സ്വന്തമാക്കിയതോടെയാണ് ZS പെട്രോള്‍ പതിപ്പിന് ഈ പേര് നല്‍കുമെന്നുള്ള അഭ്യൂഹങ്ങല്‍ ഉയരുന്നത്. വിദേശ നിരത്തുകളില്‍ ഈ വാഹനം ZS എന്ന പേരില്‍ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനത്തിന് ഈ പേര് നല്‍കിയതിനെ തുടര്‍ന്നാണ് വരാനിരിക്കുന്ന ഈ എസ്.യു.വിക്ക് പുതിയ പേര് തേടുന്നതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മോഡല്‍-കെ എന്നാണ് നിര്‍മാണ ഘട്ടത്തില്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. മുഖം മിനുക്കിയെത്തിയ ZS ഇലക്ട്രിക്കിനെ അടിസ്ഥാനമാക്കിയായിരിക്കും ആസ്റ്റര്‍ ഒരുങ്ങുന്നത്. അതേസമയം, ഡിസൈനില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് വിവരം. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, കൂടുതല്‍ സ്റ്റൈലിഷായുള്ള ഗ്രില്ല് എന്നിവയായിരിക്കും ഈ വാഹനത്തിന് വരുത്തുന്ന മാറ്റങ്ങള്‍.
സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളുള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എം.ജിയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള ഐസ്മാര്‍ട്ട് കണക്ടഡ് കാര്‍ സംവിധാനം എന്നിവ അകത്തളത്തില്‍ നല്‍കുന്നുണ്ട്. ഇതിനൊപ്പം പനോരമിക് സണ്‍റൂഫ്, പവേഡ് ഡ്രൈവര്‍ സീറ്റ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയുള്ള ഫീച്ചറുകളും ആസ്റ്റര്‍ എസ്.യു.വിയുടെ അകത്തളത്തെ സമ്പന്നമാക്കും.
എതിരാളികള്‍ക്ക് സമാനമായി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനായിരിക്കും ആസ്റ്ററിന്റെ ഹൃദയം. ഇത് 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഉയര്‍ന്ന വകഭേദത്തില്‍ 163 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കിയേക്കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്, സി.വി.ടി എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ഒരുങ്ങും.
Source: MotorBeam
Content Highlights: MG Motors New Mid Size SUV Should Be Named As Astor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..