എം.ജി. മോട്ടോഴ്‌സിന്റെ എസ്.യു.വികളായ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകളുടെ സി.വി.ടി ഗിയര്‍ബോക്‌സ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിന്‍ പതിപ്പിലെ സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ വേരിയന്റുകളിലാണ് ഈ ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളത്. ഹെക്ടര്‍ സി.വി.ടി. മോഡലിന് 16.52 ലക്ഷം രൂപ മുതല്‍ 18.10 ലക്ഷം രൂപയും ഹെക്ടര്‍ പ്ലസ് സി.വി.ടിക്ക് 17.22 ലക്ഷം രൂപ മുതല്‍ 18.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
ഹെക്ടറിന്റെ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലിന്റെ അതേ വിലയില്‍ തന്നെയാണ് സി.വി.ടിയും എത്തിയിട്ടുള്ളത്. മറ്റ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെക്കാള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവവും, ഇന്ധനക്ഷമതയുമാണ് സി.വി.ടി. ഗിയര്‍ബോക്‌സ് ഉറപ്പുനല്‍കുന്നത്. പ്രധാനമായും സിറ്റിയിലെ ഉപയോക്താക്കളെയാണ് ഈ മോഡല്‍ ലക്ഷ്യമിടുന്നത്. ട്രാഫിക് ഉള്ള പ്രദേശത്ത് മികച്ച ഡ്രൈവിങ്ങ് അനുഭവം ഈ വാഹനം ഒരുക്കുമെന്നുമാണ് എം.ജിയുടെ വാഗ്ദാനം.
1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പമാണ് സി.വി.ടി.ഗിയര്‍ബോക്‌സ് നല്‍കിയിട്ടുള്ളത്. 141 ബി.എച്ച്.പി.പവറും 250 എന്‍.എം.ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. സി.വി.ടിക്ക് പുറമെ, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയും ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. ഹെക്ടര്‍ വാഹനനിരയില്‍ എം.ജി. മോട്ടോഴ്‌സ് നല്‍കുന്ന രണ്ടാമത്തെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സി.വി.ടി.
1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ വിത്ത് 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഹെക്ടര്‍ നിരയ്ക്ക് കരുത്തേകുന്നത്. മറ്റ് രണ്ട് എന്‍ജിനുകളെക്കാള്‍ 20 എന്‍.എം.ടോര്‍ക്കും 12 ശതമാനം അധിക ഇന്ധനക്ഷമതയുമാണ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള ഹെക്ടര്‍ വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍, ഹൈബ്രിഡ് പെട്രോള്‍ മോഡലുകളില്‍ മുമ്പുണ്ടായിരുന്ന ട്രാന്‍സ്മിഷന്‍ തുടരും.
പുതിയ ട്രാന്‍സ്മിഷന്‍ ഒരുക്കയത് ഒഴിച്ച് നിര്‍ത്തിയാല്‍ വേറെ മാറ്റങ്ങളൊന്നും ഈ വാഹനത്തില്‍ വരുത്തിയിട്ടില്ല. ജനുവരിയിലാണ് ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഹെക്ടര്‍ പ്ലസ് എന്ന പുതിയ വാഹനവും ഇന്ത്യയില്‍ അവതപിപ്പിച്ചത്. ലുക്കില്‍ വരുത്തിയ ചെറിയ മാറ്റങ്ങളും ഫീച്ചറിലെ വലിയ പുതുമയുടെയും അകമ്പടിയിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തിയത്. അതേസമയം, മെക്കാനിക്കലായി മാറ്റത്തിന് ഹെക്ടര്‍ മുതിര്‍ന്നിരുന്നില്ല.
Content Highlights: MG Motors Launched Hector, Hector Plus CVT Gearbox model