ബോജുൻ യെപ് ഇ.വി | Photo: Media.gm.com
മാരുതി സുസുക്കി ജിമ്‌നി എന്ന വാഹനം നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. മറ്റ് സവിശേഷതകളെക്കാള്‍ ഉപരി ഡിസൈന്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വാഹനത്തിന്റെ ഒരു അപരന്‍ ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പുതിയ സൂചന. അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ബോജുന്‍ യെപ് ഇ.വിയാണ് ജിമ്‌നിയോട് സാദൃശ്യമുള്ള രൂപത്തില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, ഈ വാഹനം ഇന്ത്യയില്‍ എത്തിക്കുക എം.ജി. മോട്ടോഴ്‌സ് ആയിരിക്കുമെന്നാണ് വിവരങ്ങള്‍.
ഈ വാഹനം ഇന്ത്യയില്‍ ജിമ്‌നിക്ക് എതിരാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ചൈനയില്‍ എത്തിയ യെപ് ഇ.വി മൂന്ന് ഡോര്‍ വാഹനമാണ്. നിലവില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിട്ടുള്ള എം.ജി. മോട്ടോഴ്‌സിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായായിരിക്കും യെപ് ഇ.വി. എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അവതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഈ വര്‍ഷം അവസാനത്തോടെ എത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

ജിമ്‌നിക്ക് സമാനമായി ബോക്‌സി ഡിസൈനില്‍ തന്നെയാണ് യെപ് ഇ.വിയും ഒരുങ്ങിയിരിക്കുന്നത്. എം.ജി. കോമറ്റ് ഇ.വിക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് യെപ് ഇ.വിയും ഒരുങ്ങിയിരിക്കുന്നത്. അതേസമയം, പോര്‍ഷെയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റ്, ഗ്രില്ലിന് പകരം നല്‍കിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് പാനല്‍, ഉയര്‍ന്നു നില്‍ക്കുന്നതും ക്ലാഡിങ്ങുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നതുമായ ബമ്പറുമാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്.
വലിയ വീല്‍ ആര്‍ച്ചും 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളുമാണ് വശങ്ങളില്‍ ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നത്. ഓവല്‍ ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. എം.ജി. മോട്ടോഴ്‌സ് അടുത്തിടെ വിപണിയില്‍ എത്തിച്ച കോമറ്റ് ഇ.വിക്ക് സമാനമായാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഒറ്റ സ്‌ക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീലും ഡ്രൈവിങ്ങ് മോഡ് തിരഞ്ഞെടുക്കുന്നതിനുള്ള നോബുമെല്ലാം ഇന്റീരിയറിലുണ്ട്.

കോമറ്റ് ഇ.വിയുടെ പ്ലാറ്റ്‌ഫോം പങ്കിടുന്ന വാഹനമാണെങ്കിലും റേഞ്ചില്‍ യെപ് ഇ.വി അല്‍പ്പം മുന്നിലാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 303 കിലോമീറ്റര്‍ ഈ വാഹനം സഞ്ചരിക്കും. 68 എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 28.1 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഫാസ്റ്റ് ചാര്‍ജര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ വാഹനം 35 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. സാധാരണ ചാര്‍ജറില്‍ ഇത് 8.5 മണിക്കൂറോളം എടുക്കും.
Content Highlights: MG Motors introduce Baojun Yep electric SUV to India challenge Maruti Jimny


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..