എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ഇലക്ട്രിക് എസ്‌യുവി മോഡലായ ZS ഇലക്ട്രിക്കിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരത്തിലെത്തി നാല്‌ മാസങ്ങള്‍ക്കുള്ളില്‍ തന്നെ 3000 ബുക്കിങ്ങുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനോടകം 400 യൂണിറ്റ് നിരത്തിലെത്തിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ZS ഇലക്ട്രിക്കിന്റെ 4000 യൂണിറ്റ് നിരത്തുകളിലെത്തിക്കാനാകുമെന്നാണ് എംജിയുടെ പ്രതീക്ഷ.

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ എംജി ZS വില്‍പ്പനയ്‌ക്കെത്തിയിട്ടുള്ളത്. ഉത്പാദനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നഗരങ്ങളില്‍ ZS ഇലക്ട്രിക് വില്‍പ്പനയെക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19.88 ലക്ഷം രൂപ മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ZSന്റെ എക്‌സ്‌ഷോറൂം വില. 

44.5 കിലോവാട്ട് ലിക്വിഡ് കൂള്‍ ബാറ്ററി പാക്കാണ് ZS ഇലക്ട്രികിന് കരുത്തേകുന്നത്. ഇത് 143 ബിഎച്ച്പി പവറും 353 എന്‍എം ടോര്‍ക്കുമേകും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാം. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിലുള്ളത്. ക്രോം സ്റ്റഡുകളുള്ള ബ്ലാക്ക് ഫിനീഷിങ്ങ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്. 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എംജി ZS ഇലക്ട്രിക്കിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്. 

20.32 സെന്റീമീറ്റര്‍ വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഐസ്മാര്‍ട്ട് ഇവി 2.0 കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ്, ലെതര്‍ സീറ്റ്, സ്പ്ലിറ്റ് റിയര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, സ്റ്റാര്‍ട്ട്‌സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, എയര്‍ ഫില്‍ട്ടര്‍, പനോരമിക് സ്‌കൈ റൂഫ് എന്നിവയാണ് ഈ എസ്യുവിയിലെ മറ്റ് ഫീച്ചറുകള്‍.

സുരക്ഷയുടെ കാര്യത്തിലും ഈ ഇലക്ട്രിക് എസ്.യു.വി ഒരുപടി മുന്നിലാണ്. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് ക്യാമറ വിത്ത് ഡൈനാമിക് ലൈന്‍സ്, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തിന് സുരക്ഷയൊരുക്കും.

Content Highlights: MG Motors India Achieve More Than  3000 Booking For ZS Electric; 400 Unit Sold