എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ വാഹനവും ആദ്യ ഇലക്ട്രിക് മോഡലുമായ ZS ഇലക്ട്രിക്കിന്റെ ഡെലിവറി ആരംഭിച്ചു. ZS ഇലക്ട്രിക്കിന്റെ ആദ്യ വാഹനം സര്‍ക്കാര്‍ സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന് (EESL) കൈമാറിയാണ് ഡെലിവറി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്കാണ് എംജി ZS ഇലക്ട്രിക് വാങ്ങിയിരിക്കുന്നതെന്നാണ് ഇഇഎസ്എല്‍ എംഡി സൗരഭ് കുമാര്‍ അറിയിച്ചു. ഭാവിയുടെ വാഹനം ഇലക്ട്രിക്കാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇലക്ട്രിക് മൊബിലിറ്റിക്ക് എംജി പോലുള്ള വാഹന നിര്‍മാതാക്കള്‍ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

എംജി ZS ഇല്ക്രിക് ഇഇഎസ്എല്‍ ബുക്കുചെയ്ത് വാങ്ങിയതാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡിസംബര്‍ 21-നാണ് ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് തുറന്നത്. എന്നാല്‍, ഒരുമാസം പിന്നിടുന്നതിന് മുമ്പ് ബുക്കിങ്ങ് 2800 കടന്നതോടെ ജനുവരി 17-ന് ബുക്കിങ്ങ് ക്ലോസ് ചെയ്യുകയായിരുന്നു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് എംജി ZS ഇലക്ട്രിക് ആദ്യം വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഉത്പാദനം ഉയര്‍ത്തുന്നതിനനുസരിച്ച് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഈ വാഹനം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

340 കിലോമീറ്റര്‍ റേഞ്ചാണ് എംജി ZS ഇലക്ട്രിക് ഉറപ്പുനല്‍കുന്നത്. 141 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. 44.5 കിലോവാട്ടാണ് ബാറ്ററി. 19.88 ലക്ഷം രൂപ മുതല്‍ 22.58 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Content Highlights: MG Motors Handover First ZS EV To State Owned EESL