ന്ത്യന്‍ വാഹനവിപണി ലക്ഷ്യമിട്ട് കൂടുതല്‍ ചൈനീസ് കമ്പനികളെത്തുന്നു. ചൈനയിലെ വില്‍പ്പന പരമാവധിയിലെത്തിയ സാഹചര്യത്തില്‍ പുതിയവിപണി കണ്ടെത്തുന്നതിന്റെഭാഗമാണിത്. 

നിലവില്‍ ചൈനീസ് വാഹനനിര്‍മാതാക്കളായ എസ്.എ.ഐ.സി.യുടെ ഉപകമ്പനി എം.ജി. മോട്ടോഴ്സും ബസുകളും വൈദ്യുതവാനുകളും നിര്‍മിക്കുന്ന ബി.വൈ.ഡി.യും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

ഇതിനുപുറമെ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് ആണ് ഇന്ത്യ ലക്ഷ്യമിടുന്ന മറ്റൊരു കമ്പനി. 7,000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നത്.

ഗ്രേറ്റ് വാളും എം.ജി. മോട്ടോഴ്സും മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റ് ഏറ്റെടുക്കാന്‍ രംഗത്തുണ്ട്. 2017-ല്‍ ഇന്ത്യയില്‍ വില്‍പ്പന നിര്‍ത്തിയ ജനറല്‍ മോട്ടോഴ്സ് കയറ്റുമതിക്കായി ഷെവര്‍ലെ ബീറ്റ് ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. 

ഏറ്റെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ പൂര്‍ണമായി പിന്‍വാങ്ങാനായിട്ടില്ല. കമ്പനിയുടെ ഇന്ത്യയിലെ അവശേഷിക്കുന്ന ഫാക്ടറിയാണിത്. 1,65,000 കാറുകളും 1,60,000 എന്‍ജിനുകളും നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് തലേഗാവിലെ പ്ലാന്റ്.

നേരത്തെ ഗുജറാത്തിലെ ഹാലോളിലുള്ള ജി.എം. പ്ലാന്റ് എം.ജി. മോട്ടോഴ്സ് ഏറ്റെടുത്തിരുന്നു. ഹെക്ടര്‍ എന്ന എസ്.യു.വി.യുമായി ഇന്ത്യയിലെത്തിയ കമ്പനിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉടന്‍ മറ്റൊരു മോഡല്‍കൂടി ഇന്ത്യയില്‍ എത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നു.

നിലവിലെ പ്ലാന്റിന് വര്‍ഷം 80,000 കാറുകള്‍ നിര്‍മിക്കാനാണ് ശേഷി. ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെഭാഗമായാണ് പുതിയ പ്ലാന്റിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിന്റെഭാഗമായാണ് ജി.എമ്മിന്റെ പ്ലാന്റ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഇതിനായി മഹാരാഷ്ട്ര സര്‍ക്കാരിനെയും കമ്പനി സമീപിച്ചതായാണ് വിവരം. ഒക്ടോബറില്‍ കമ്പനി ഗുഡ്ഗാവില്‍ ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരില്‍ ഉപകമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlights: MG Motors, Great Wall Motors; More Chinese Company Planning To Launch In India