ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ 'മോറിസ് ഗ്യാരേജസ്' എന്ന 'എം.ജി. മോട്ടോഴ്സി'ന്റെ ഇന്ത്യയിലെ നാലാമത്തെ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനം (എസ്.യു.വി.) 2021 പകുതിയോടെ വിപണിയിലെത്തും. 2019-ല്‍ 'എം.ജി. ഹെക്ടര്‍' അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച കമ്പനി രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു എസ്.യു.വി.കള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ആ വാക്ക് നിറവേറ്റുക തന്നെ ചെയ്യുമെന്ന് എം.ജി. മോട്ടോര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത 'മാതൃഭൂമി'യോട് പറഞ്ഞു. കൊച്ചിയില്‍ എം.ജി.യുടെ ഷോറൂമില്‍ എത്തിയതാണ് അദ്ദേഹം. ഹെക്ടര്‍, ഇലക്ട്രിക് എസ്.യു.വി.യായ സെഡ്.എസ്., ഗ്ലോസ്റ്റര്‍ എന്നിവയാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഹെക്ടര്‍ ശ്രേണിയില്‍ ആറു സീറ്റുകളുള്ള ഹെക്ടര്‍ പ്ലസും അവതരിപ്പിച്ചു. 

അടുത്തവര്‍ഷം അവതരിപ്പിക്കുന്ന എസ്.യു.വി.യെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ ഗൗരവ് ഗുപ്ത തയ്യാറായില്ല. ഓട്ടോ-ടെക് ബ്രാന്‍ഡായി വളര്‍ന്ന എം.ജി. മോട്ടോഴ്‌സ് കഴിഞ്ഞമാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഗ്ലോസ്റ്ററിന് ഒരു മാസത്തിനുള്ളില്‍ 2,000 ബുക്കിങ് ലഭിച്ചു. ആറു സീറ്റിന്റെയും ഏഴു സീറ്റിന്റെയും വേരിയന്റുകളുള്ള ഈ എസ്.യു.വി.ക്ക് ഏതാണ്ട് 29 ലക്ഷം രൂപ മുതലാണ് വില. 

കമ്പനി അവതരിപ്പിച്ച ഇലക്ട്രിക് വാഹനമായ സെഡ്.എസിനും കേരളത്തില്‍ നിന്നുള്‍പ്പെടെ മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നതെന്ന് ഗൗരവ് ഗുപ്ത പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പുറമെ അവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും ഉപഭോക്താക്കള്‍ക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്.

ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് ലോകത്തിന്റെ ഹബ്ബാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ജി. മോട്ടോഴ്സിന്റെ കേരളത്തിലെ ഡീലറായ ഇ.വി.എം. ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ സാബു ജോണിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Content Highlights: MG Motors Forth SUV Will Launch On 2021