എംജി (മോറിസ് ഗരേജസ്) ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ വാഹനം അവതരിപ്പിച്ചു. എംജിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ എംജി ZS ഇവിയാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. യുകെയില്‍ എംജി എത്തിച്ചിട്ടുള്ള ZS-ന്റെ രൂപത്തിലാണ് ഇലക്ട്രിക് ZS എത്തുന്നത്. എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് ഈ വാഹനം അസംബിള്‍ ചെയ്യുന്നത്. 

ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്.യു.വിയാണ് ZS ഇവി. ഇന്ത്യന്‍ നിരത്തുകളില്‍ നിലവില്‍ ഹ്യുണ്ടായിയുടെ കോന മാത്രമാണ് ഈ വാഹനത്തിന് എതിരാളിയുള്ളത്. വാഹനം അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയില്‍ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

4314 എംഎം നീളവും 1809 എംഎം വീതിയും 1620 എംഎം ഉയരവും 2579 എംഎം വീല്‍ബേസുമുള്ള ഈ വാഹനം കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കായിരിക്കും എത്തുക. ക്രോം സ്റ്റഡുകളുള്ള ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.

സ്റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് ZS ഇവിയിലുള്ളത്. ബ്ലാക്കാണ് ഇന്റീരിയറിന്റെ നിറം. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത കോക്പിറ്റ് സെന്റര്‍ കണ്‍സോളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഗിയര്‍ ചെയ്ഞ്ചിങ്ങ് നോബ് എന്നിവയാണ് എന്നിവ സെന്റര്‍ കണ്‍സോളിന്റെ ഭാഗമാകും.

44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 340 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനം സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം.

143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ZS ഇലക്ട്രിക്കിനെ നയിക്കുക. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും സാധിക്കും.

Content Highlights: MG Motors First Electric SUV ZS EV Unveiled In India