കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയിലെ ഇന്റര്‍നെറ്റ് എസ്.യു.വി. നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. എം..ജി. മോട്ടോഴ്‌സിന്റെ സേവ ഉദ്യമത്തിന്റെ ഭാഗമായി ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി തയാറായിരിക്കുന്നത്. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചാണ് എം.ജി. ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. 

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിനാണ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാക്‌സ് വെന്റിലേറ്റേഴ്‌സ് എന്ന കമ്പനിയുമായി സഹകരിച്ച് എം.ജി. മോട്ടോഴ്‌സ് വെന്റിലേറ്ററുകള്‍ വികസിപ്പിച്ച ആശുപത്രികള്‍ക്ക് നല്‍കിയിരുന്നു. 

ദേവ്‌നന്ദന്‍ ഗ്യാസസുമായുള്ള എം.ജിയുടെ സഹകരണത്തിലൂടെ ഓക്‌സിജന്‍ ഉത്പാദനം 25 ശതമാനം കൂടി ഉയര്‍ത്താനുള്ള സൗകര്യങ്ങള്‍ ചെയ്ത് നല്‍കും. പ്രത്യേകം മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമെ, ഓക്‌സിജന്‍ വിതരണവും പ്രതിസന്ധിയിലായിരിക്കുകയാണ് ഇത് വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. 

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ആവശ്യമായ ഓക്‌സിജന്‍ നിര്‍മാണത്തിന് തയാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷവും എം.ജി. മോട്ടോഴ്‌സ് സമാനമായ പ്രവര്‍ത്തി നടത്തിയിരുന്നു. ഇതിന് പിന്തുണ ഒരുക്കുന്ന പ്രദേശിക ഭാരണകൂടത്തിനോട് നന്ദി പറയുന്നതായും എം.ജി. മോട്ടോഴ്‌സ് പറഞ്ഞു.

ഈ വലിയ ലക്ഷ്യത്തിനായി ഞങ്ങളോട് സഹകരിക്കുന്ന എം.ജി. മോട്ടോഴ്‌സിന് നന്ദി അറിയിക്കുന്നതായും ഈ കൂട്ടുക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവ്‌നന്ദന്‍ ഗ്യാസസ് മേധാവി അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിസന്ധിക്ക് ഈ പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുമെന്നും കമ്പനി മേധാവി ഉറപ്പുനല്‍കി.

Content Highlights: MG Motors Associate With Devnandan Gases To produce Oxygen