കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ശക്തമായ സാഹചര്യത്തില്‍ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി എം.ജി. മോട്ടോഴ്‌സിന്റെ ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി റിപ്പോര്‍ട്ട്. മറ്റ് വാഹന നിര്‍മാതാക്കളും ഈ സൗകര്യം ഒരുക്കിയിരുന്നു.

എം.ജി. സേവയുടെ കമ്മ്യൂണിറ്റി സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നത്. മെഡിക്കല്‍ ഇന്‍ഷുറന്‍സിന് പുറമെ, കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരന്റെ കുടുംബത്തിന് ആറ് ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കും മറ്റുമായി നിലവില്‍ നല്‍കിയിട്ടുള്ള ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയിട്ടുണ്ടെന്നും എം.ജി. മോട്ടോഴ്‌സ് അറിയിച്ചു.

എം.ജി. മോട്ടോഴ്‌സിന്റെ നേരിട്ടുള്ള ജീവനക്കാര്‍ക്കും കോണ്‍ട്രാക്ട് ജീവനക്കാര്‍ക്കും മുമ്പ് വാക്‌സിന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെ, പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് എം.ജിയുടെ ഗുരുഗ്രാം, ഹാലോല്‍ എന്നിവിടങ്ങളിലെ റീജിണല്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ വാക്‌സിനേഷന്‍ സൗകര്യവും ഒരുക്കിയിരുന്നു. 

വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എം.ജി. മോട്ടോഴ്‌സ് നേതൃത്വം നല്‍കിയിരുന്നു. കോവിഡ് രോഗികള്‍ക്കായി ക്രെഡിഹെല്‍ത്തുമായി സഹകരിച്ച് 200 ബെഡുകള്‍ എം.ജി. മോട്ടോഴ്‌സ് നല്‍കിയിരുന്നു. കോവിഡ് രോഗികള്‍ക്ക് സേവനം ഒരുക്കുന്നതിനായി ക്രെഡി ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ ഹെല്‍പ്പ്‌ലൈന്‍ സര്‍വീസ് ഒരുക്കിയിട്ടുണ്ട്. 

എം.ജി. മോട്ടോഴ്‌സ് ഉപയോക്താക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. എം.ജി. വെബ്‌സൈറ്റിലും മൈ എം.ജി. ആപ്പ് മുഖേനയും ഈ സേവനം ഉറപ്പാക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനും മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ഉറപ്പാക്കാനാണ് ഈ സേവനം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: MG Motor India To Provide Health Cover To Its Dealer Employees