ന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വി, ആദ്യ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനങ്ങളിലെ പല സാങ്കിതികവിദ്യകളുടെയും തുടക്കകാരാണ് എം.ജി മോട്ടോഴ്‌സ്. ഈ പുത്തന്‍ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ എക്കാലത്തെയും മികച്ച വില്‍പ്പനയാണ് എം.ജി മോട്ടോഴ്‌സിന് നവംബര്‍ മാസത്തില്‍ ലഭിച്ചിരിക്കുന്നത്.

4163 വാഹനങ്ങളാണ് എം.ജിയില്‍ നിന്ന് നവംബര്‍ മാസം നിരത്തുകളില്‍ എത്തിയത്. എം.ജി ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടറിന്റെ 3463 യൂണിറ്റ് പുറത്തിറങ്ങിയപ്പോള്‍ പ്രീമിയം എസ്.യു.വി ശ്രേണിയില്‍ എത്തിയ ഗ്ലോസ്റ്ററിന്റെ 627 യൂണിറ്റും വിറ്റഴിച്ചിട്ടുണ്ട്. അവതരിപ്പിച്ച് രണ്ട് മാസത്തോട് അടുത്തുന്ന ഈ വാഹനം ഇതുവരെ 2500 ബുക്കിങ്ങാണ് നേടിയിട്ടുള്ളത്. 

എം.ജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച ആദ്യ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്.യു.വിയായ ZS EV-യുടെ 110 യൂണിറ്റും നവംബര്‍ മാസം നിരത്തുകളില്‍ എത്തിയിട്ടുണ്ട്. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS ഇലക്ട്രിക്, ഗ്ലോസ്റ്റര്‍ എന്നീ നാല് മോഡലുകളാണ് എം.ജി മോട്ടോഴ്‌സ് ഇതുവരെ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍, ഹെക്ടര്‍, ഗ്ലോസ്റ്റര്‍ മോഡലുകള്‍ക്കാണ് മികച്ച സ്വീകാര്യത ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബറിലെ വില്‍പ്പനയെ അപേക്ഷിച്ച് 28.5 ശതമാനത്തിന്റെ വില്‍പ്പന നേട്ടമാണ് എം.ജി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എം.ജി ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നവംബറില്‍ ഉണ്ടാക്കിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ മാസവും എം.ജിയുടെ വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

Content Highlights; MG Motor India records highest ever retail sales of 4163 units in November 2020