കോവിഡ് രണ്ടാം തരംഗം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കോണ്ടാക്ട് ലെസ് സര്‍വീസ് ലഭ്യമാക്കുന്നതിനായി ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് സംവിധാനം പുനരാരംഭിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. എം.ജി. കെയര്‍ അറ്റ് ഹോം എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഈ പദ്ധതിയില്‍ എം.ജി. മോട്ടോഴ്‌സ് ജീവനക്കാര്‍ ഉപയോക്താക്കളുടെ വീട്ടിലെത്തി വാഹനത്തിന്റെ സര്‍വീസും സാനിറ്റൈസേഷനും നിര്‍വഹിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

കോവിഡ്-19- ന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഈ സേവനം വീണ്ടും ഒരുക്കുന്നതെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. കാര്‍ സാനിറ്റൈസേഷന്‍, ഫ്യൂമിഗേഷന്‍, ജനറല്‍ കാര്‍ ചെക്ക്-അപ്പ്, കാര്‍ ഡ്രൈ വാഷ്, മൈനര്‍ ഫിറ്റിങ്ങ്‌സ് ആന്‍ഡ് ഫിറ്റ്‌മെന്റ് സേവനങ്ങളാണ് എം.ജി. കെയര്‍ അറ്റ് ഹോം പ്രോഗ്രാമില്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സര്‍വീസ് ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ സേവനം ലഭ്യമാക്കുക എന്നാണ് വിവരം.

ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ സേവനം ഉറപ്പാക്കുകയാണ് എം.ജി. മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഉപയോക്താക്കളുടെ വീടുകളില്‍ സര്‍വീസിനായി എത്തുന്ന ജീവനക്കാരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. എം.ജി. മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പുറമെയാണ് ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് സംവിധാനവും ഒരുക്കിയിട്ടുള്ളതെന്ന് എം.ജി. മോട്ടോഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത അറിയിച്ചു. 

MG Motors
പ്രതീകാത്മക ചിത്രം | Photo: MG Motors

പ്രത്യേകമായി ഒരുക്കിയിട്ടുള്ള പോര്‍ട്ടബിള്‍ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും എം.ജി. മോട്ടോഴ്‌സ് ജീവനക്കാര്‍ വാഹനങ്ങളുടെ അറ്റകുറ്റ പണികളും ഫ്യൂമിഗേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളും ചെയ്യുന്നത്. എം.ജി. കസ്റ്റമര്‍ കെയര്‍ ആപ്പ് വഴിയാണ് സര്‍വീസ് ബുക്കുചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എം.ജിയുടെ 245 ടച്ച് പോയന്റുകളിലും സര്‍വീസുകളും മറ്റും ആരംഭിക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

എം.ജി. മോട്ടോഴ്‌സിന് പുറമെ, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഫോര്‍ഡ് തുടങ്ങിയ കമ്പനികളും ഡോര്‍ സ്‌റ്റെപ്പ് സര്‍വീസ് ആരംഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് തന്നെ മാരുതി ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ് വ്യാപകമായതോടെ ഈ സേവന സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയായിരുന്നു. മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് ഒരുക്കിയാണ് ടാറ്റയും മാരുതിയും ഈ സേവനം നല്‍കുന്നത്. ഡയല്‍ എ ഫോര്‍ഡ് പ്രോഗ്രാമിലൂടെയാണ് ഫോര്‍ഡ് ഈ സേവനം എത്തിക്കുന്നത്.

Content Highlights: MG Motor India provides doorstep contactless car services