ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്.യു.വിയായ എം.ജി. ZS ഇലക്ട്രിക്കിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് എസ്.യു.വിക്ക് യഥാക്രമം 20.99 ലക്ഷവും 24.18 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. പുതുവര്‍ഷത്തില്‍ എം.ജി. മോട്ടോഴ്‌സില്‍ നിന്ന് മുഖം മിനുക്കിയെത്തുന്ന രണ്ടാമത്തെ മോഡലാണിത്. ഹെക്ടര്‍ എസ്.യു.വി. ജനുവരിയില്‍ മാറ്റങ്ങളുമായി അവതരിപ്പിച്ചിരുന്നു.
ഡിസൈനിനെക്കാള്‍ ഉപരി മെക്കാനിക്കലായ മാറ്റങ്ങളാണ് 2021 ZS ഇലക്ട്രിക്കില്‍ വരുത്തിയിട്ടുള്ളത്. പുതിയ എച്ച്.ടി.ബാറ്ററി, 17 ഇഞ്ച് ടയര്‍, ഐ-സ്മാര്‍ട്ട് ഇ.വി.2.0 ഫീച്ചറുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എം.ജി. ZS ഇലക്ട്രിക്കിന്റെ ആദ്യ മോഡലില്‍ നിന്ന് 2021 മോഡലിനെ വ്യത്യസ്തമാക്കുന്നത്. ഇതോടെയാണ് എക്‌സൈറ്റ് മോഡലിന് മുന്‍ മോഡലിനെക്കാള്‍ 11,000 രൂപയും എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 66,000 രൂപയും വില ഉയര്‍ത്തിയിരിക്കുന്നത്.
ഡിസൈനില്‍ എടുത്തുപറയത്തക്ക മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ക്രോം സ്റ്റഡുകള്‍ നല്‍കിയുള്ള ഗ്രില്ല്, ലണ്ടര്‍-ഐ-പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, വിന്‍ഡ്മില്‍ മാതൃകയിലുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, റൂഫ് റെയില്‍, റിയര്‍ സ്‌പോയിലര്‍ എന്നിവയാണ് ZS ഇലക്ട്രിക്കിന്റെ എക്‌സ്റ്റീരിയറിനെ സ്‌റ്റൈലിഷാക്കുന്നത്. ഗ്രൗണ്ട് ക്ലിയറന്‍സ് 177 എം.എമ്മും ബാറ്ററി പ്ലെയ്‌സ്‌മെന്റ് 205 എം.എമ്മും ആയി ഉയര്‍ത്തിയിട്ടുണ്ട്.
കറുപ്പിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. സീറ്റുകളും ഡാഷ്‌ബോര്‍ഡും തുകലില്‍ പൊതിഞ്ഞിരിക്കുന്നത് പ്രീമിയം ഭാവം നല്‍കുന്നുണ്ട്. എം.ജിയുടെ ഐ-സ്മാര്‍ട്ട് ഇ.വി 2.0 സംവിധാനത്തിലുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങിയവ വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നു.
ഐ.പി6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.
Content Highlights: MG Motor India launches New ZS EV 2021 with a 419 KM certified range