വാഹനങ്ങളുടെ നിര വികസിക്കുന്നതിനൊപ്പം എം.ജി. ഇന്ത്യയുടെ സ്വാധീനവും ശക്തമാകുകയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഡിസംബര്‍ മാസത്തിലെ വില്‍പ്പന 4010 യൂണിറ്റാണ് എം.ജി. മോട്ടോഴ്‌സ് ഡിസംബറില്‍ ഇന്ത്യയിലെത്തിച്ചത്‌. ഇതില്‍ 3430-ഉം ഹെക്ടറാണ്. 2019 ഡിസംബറിനെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളര്‍ച്ചയും 2020-ലെ മൊത്ത വില്‍പ്പനയില്‍ 77 ശതമാനത്തിന്റെ നേട്ടവുമാണ് എം.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഡിസംബര്‍ മാസം മാത്രം ഹെക്ടറിന് 5000 ബുക്കിങ്ങ് ലഭിച്ചതാണ് എം.ജിയുടെ മറ്റൊരു നേട്ടം. ഇതിനൊപ്പം എം.ജി. മോട്ടോഴ്‌സ് ഇലക്ട്രിക് എസ്.യു.വിയായ ZS EV-ക്ക് 200 ബുക്കിങ്ങും ലഭിച്ചിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മാത്രം എം.ജി. മോട്ടോഴ്‌സ് അവതരിപ്പിച്ച പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററിന് ഇതിനോടകം 3000 ബുക്കിങ്ങ് ലഭിക്കുകയും 1085 യൂണിറ്റ് നിരത്തുകളില്‍ എത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

നാല് വാഹനങ്ങളാണ് നിലവില്‍ എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റര്‍, ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS എന്നിവയാണ് എം.ജിയുടെ വാഹനനിര. ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി എത്തിയ ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റ് പതിപ്പ് ഈ മാസം വിപണിയില്‍ എത്തുമെന്നാണ് സൂചന. വരും വര്‍ഷങ്ങളില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായി കൂടുതല്‍ മോഡലുകള്‍ എത്തിക്കുമെന്നാണ് എം.ജി. അറിയിച്ചിട്ടുള്ളത്. 

ഹെക്ടര്‍ എന്ന എസ്.യു.വിയിലൂടെയാണ് എം.ജി മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷം പിന്നിടുന്നതോടെ ഹെക്ടറിന്റെ 25,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ കരുത്തേകാന്‍ എം.ജിയുടെ രണ്ടാമനായി എത്തിയ ZS ഇലക്ട്രിക്കിന്റെ 1243 യൂണിറ്റ് ഇതിനോടകം വിറ്റഴിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗ്ലോസ്റ്റര്‍, ഹെക്ടര്‍ പ്ലസ് വാഹനങ്ങളാണ് ഏറ്റവുമൊടുവിലായി എത്തിയിട്ടുള്ളത്.

Content Highlights: MG Motor India ends year on a high note, generates 5,000 HECTOR and 200 EV bookings in December