ന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ് ഒരുക്കുന്നത്. നാഗ്പൂരിലേക്ക് കഴിഞ്ഞ മാസം നല്‍കിയ അഞ്ച് ആംബുലന്‍സുകള്‍ക്ക് പുറമെ, നാഗ്പൂര്‍, വിദര്‍ഭ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി എട്ട് ഹെക്ടര്‍ ആംബുലന്‍സുകള്‍ കൂടി നല്‍കി. എം.ജിയുടെ സേവ പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് ഈ ആംബുലന്‍സുകള്‍ കൈമാറിയിരിക്കുന്നത്. 

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് എം.ജി. മോട്ടോഴ്‌സ് മോഡേണ്‍ ലൈഫ് സേവിങ്ങ് സംവിധാനങ്ങളുടെ അകമ്പടിയോടെയുള്ള ഹെക്ടര്‍ ആംബുലന്‍സുകള്‍ ആരോഗ്യ മേഖലയ്ക്ക് സമ്മാനിച്ചത്. മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മേഖലകള്‍ക്ക് ആംബുലന്‍സുകള്‍ നല്‍കിയിട്ടുള്ളതെന്നും തുടര്‍ന്നും എം.ജി. മോട്ടോഴ്‌സിന്റെ സേവനം ഉറപ്പാക്കുമെന്നും എം.ജി. മോട്ടോഴ്‌സ് മേധാവി യാഷ് യാദവ് അറിയിച്ചു. 

നാഗ്പൂരിലെ നാജിയ ഹോസ്പിറ്റല്‍, വഡോദരയിലെ GMERS ആശുപത്രി, ഹാലോലിലെ സി.എച്ച്.സി. ആശുപത്രി എന്നിവയ്ക്കാണ് മുമ്പ് എം.ജി. മോട്ടോഴ്‌സ് ആംബലുന്‍സുകള്‍ നല്‍കിയത്. കോവിഡ് രോഗികള്‍ക്ക് വേണ്ടി മാത്രമാണ് ഈ ആംബുലന്‍സുകള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ നല്‍കിയിട്ടുള്ള ആംബുലന്‍സ് മറ്റ് അടിയന്തര സേവനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്നും എം.ജി. മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്.

എം.ജിയുടെ ഹാലോല്‍ പ്ലാന്റില്‍ രൂപകല്‍പ്പന ചെയ്താണ് ആംബുലന്‍സുകള്‍ എത്തിയിട്ടുള്ളത്. ഫൈവ് പാരാമീറ്റര്‍ മോണിറ്റര്‍, ഓട്ടോ ലോഡിങ്ങ് സ്ട്രെച്ചര്‍, വെന്റിലേറ്റര്‍, ഓക്സിജന്‍ സപ്ലൈ സിസ്റ്റം, ഇന്‍വേര്‍ട്ടര്‍, അഡിഷണല്‍ സോക്കറ്റ്, സൈറന്‍, ലൈറ്റ്ബാര്‍, ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ എന്നിവയാണ് മുമ്പ് നല്‍കിയ എം.ജി. ആബുലന്‍സിലുണ്ടായിരുന്നത്. ഇപ്പോള്‍ നല്‍കിയ വാഹനങ്ങളില്‍ മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

എം.ജി.മോട്ടോഴ്സിന്റെ ഹെക്ടറാണ് ആംബുലന്‍സായി രൂപമാറ്റം വരുത്തിയിട്ടുള്ളത്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം പോലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി 100 ഹെക്ടറുകള്‍ എം.ജി. മോട്ടോഴ്സ് വിട്ടുനല്‍കിയിരുന്നു. ഈ കാലയളവില്‍ എം.ജി. ഹെക്ടറുകള്‍ ആംബുലന്‍സായി രൂപമാറ്റം വരുത്തുന്നതിനായി അഹമ്മദാബാദിലെ നാഥ്രാജ് മോട്ടോര്‍ ബോഡി ബില്‍ഡേഴ്‌സുമായി എംജി മോട്ടോഴ്‌സ് ധാരണയിലെത്തിയിരുന്നു.

Content Highlights: MG Motor India donates Hector Ambulances in Nagpur to support healthcare services