രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയില്‍ വലിയ പിന്തുണയാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വി. നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ് നല്‍കുന്നത്. ഏറ്റവുമൊടുവിലായി കോവിഡ്-19 രോഗികള്‍ക്ക് കിടക്കകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് എം.ജി. മോട്ടോഴ്‌സ്. ക്രെഡിഹെല്‍ത്തുമായി ചേര്‍ന്ന് 200 കിടക്കകളാണ് എം.ജി. മോട്ടോഴ്‌സ് നല്‍കുന്നത്. 

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമാണ് ക്രെഡിഹെല്‍ത്ത്. രാജ്യത്തുടനീളമുള്ള ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും വിവരങ്ങള്‍ നല്‍കുന്നതാണ് ഇവരുടെ പ്രധാന സേവനം. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ക്കായി ക്രെഡിഹെല്‍ത്തിന്റെ നേതൃത്വത്തില്‍ അടുത്തിടെ ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരുന്നു. 

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്യന്‍ പേപ്പര്‍ മില്‍സില്‍ നിന്നാണ് എം.ജി. മോട്ടോഴ്‌സ് ഈ കിടക്കകള്‍ വാങ്ങുന്നത്. കാര്‍ഡ്‌ബോര്‍ഡ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഈ കിടക്ക നിര്‍മിക്കുന്നത്. പൂര്‍ണമായും വാട്ടര്‍പ്രൂഫ് സംവിധാനവും ഇതിലുണ്ട്. ഇന്ത്യന്‍ ആര്‍മി, ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍, ഇന്ത്യന്‍ നേവി തുടങ്ങിയവയ്ക്കും 2020 മുതല്‍ ആര്യന്‍ പേപ്പര്‍ മില്‍സാണ് കിടക്കകള്‍ നല്‍കുന്നത്. 

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ എം.ജി. മോട്ടോഴ്‌സ് ഓക്‌സിജന്‍ ഉത്പാദനത്തിനും സന്നദ്ധത അറിയിച്ചിരുന്നു. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവ്‌നന്ദന്‍ ഗ്യാസസുമായി സഹകരിച്ചാണ് എം.ജി. മോട്ടോഴ്‌സ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. ഇരുകമ്പനികളുമായുള്ള സഹകരണത്തില്‍ 25 ശതമാനം അധികം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്കായും എം.ജി. സേവനം ഉറപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി എം.ജി.യുടെ വാഹനങ്ങളുടെ സര്‍വീസ്, വാറണ്ടി എന്നിവ നീട്ടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ സര്‍വീസും വാറണ്ടിയും അവസാനിച്ച വാഹനങ്ങള്‍ക്ക് ഇത് ജൂലൈ വരെ നീട്ടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

Content Highlights: MG Motor India donates 200 sustainable beds via Credihealth in support of COVID-19 affected patients