വാഹന വിപണിക്ക് ഉണര്‍വേകുന്ന ഉത്സവമാണ് ദീപാവലി. ഈ ആഘോഷത്തിന്റെ ആദ്യദിവസമായി ഇന്ന് 700 ഹെക്ടറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വാഹന വിപണിയിലെ തുടക്കക്കാരായ എംജി മോട്ടോഴ്സ്.
ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനം ധനത്രയോദശിയായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആഘോഷിക്കുന്നത്. ഈ ദിവസം വാഹനം ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ നല്ല ദിവസമാണെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസം ഇത്രയും വാഹനം കൈമാറാന്‍ കഴിഞ്ഞതെന്നാണ് സൂചന.
ഡല്‍ഹിയില്‍ മാത്രം 200 യൂണിറ്റുകള്‍ ഇന്ന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. മറ്റ് 500 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നല്‍കിയത്. ധനത്രയോദശിയോടനുബന്ധിച്ച് ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് എംജി വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിയത്.
എംജി മോട്ടോഴ്സിനെ സംബന്ധിച്ച് ഉപയോക്താക്കളാണ് ഏറ്റവും പ്രധാനം. 700-ഓളം ഹെക്ടര്‍ ഒരു ദിവസം ഉപയോക്താക്കള്‍ക്ക് കൈമാറിയതിലൂടെ ഇത് വീണ്ടും അടിവരയിടുകയാണെന്ന് എംജി ഗ്രൂപ്പ് സെയില്‍സ് മേധാവി രാഗേഷ് സിദ്ധാന പറഞ്ഞു.
വരവറിയിച്ചത് മുതല്‍ വലിയ സ്വീകാര്യത സ്വന്തമാക്കിയ കമ്പനിയാണ് എംജി. ഹെക്ടര്‍ അവതരിപ്പിച്ചതോടെ ഇത് വീണ്ടും ഉയരുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം പുറത്തിറങ്ങി ഇതുവരെ 38,000 ബുക്കിങ്ങുകളാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്.
ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയോടെ ഇന്ത്യയിലെത്തിയ വാഹനമാണ് എംജി ഹെക്ടര്‍. കുറഞ്ഞ വിലയില്‍ വലിയ സാങ്കേതിക സംവിധാനങ്ങളുള്ള വാഹനം എന്നത് എംജിയുടെ വില്‍പ്പനയ്ക്ക് കുതിപ്പേകിയിട്ടുണ്ട്. 10,000 വാഹനങ്ങളുടെ നിര്‍മാണമാണ് എംജി പൂര്‍ത്തിയാക്കിയത്.
Content Highlights: MG Motor India Delivers 700 Units Of Hector Today