എം.ജി. ഹെക്ടർ | Photo: MG Motors
എം.ജി. മോട്ടോഴ്സിന് ഇന്ത്യയിലേക്കുള്ള വഴിയൊരുക്കിയ വാഹനം, കമ്പനിയുടെ ഇന്ത്യയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ തുടങ്ങി പല വിശേഷണങ്ങള്‍ക്ക് യോഗ്യമായ മോഡലാണ് എം.ജിയുടെ ഹെക്ടര്‍ എസ്.യു.വി. ഇന്ത്യയില്‍ നേടിയ ജനപ്രീതി അതിര്‍ത്തിക്കപ്പുറത്തും സമ്പാദിക്കുന്നതിനായി ഈ വാഹനം നേപ്പാളിലേക്ക് കയറ്റി അയയ്ക്കുകയാണെന്ന് എം.ജി.മോട്ടോഴ്സ് അറിയിച്ചു. എം.ജിയുടെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് എം.ജിയുടെ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പായാണ് ഈ വാഹനം നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നാണ് കമ്പനി മേധാവികള്‍ അറിയിച്ചിട്ടുള്ളത്. നേപ്പാളില്‍ എത്തുന്ന എം.ജി. ഹെക്ടറിന്റെ വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങളും പാരാമൗണ്ട് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേല്‍നോട്ടത്തില്‍ ഉറപ്പാക്കുമെന്നാണ് എം.ജി. മോട്ടോഴ്സ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
എം.ജി. മോട്ടോഴ്സിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും വിപണി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുമുള്ള നടപടികളാണ് കമ്പനി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ വാഹന വിപണിയില്‍ കരുത്തന് സാന്നിധ്യമാകാനുള്ള നീക്കത്തിത്തിന്റെ തുടക്കമായാണ് നേപ്പാളിലേക്കുള്ള കയറ്റുമതിയെ വിലയിരുത്തുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ പോലും കാതലായ സ്ഥാനം വഹിച്ച വാഹനമാണ് ഹെക്ടറെന്നും എം.ജി. മേധാവി രാജീവ് ചബ്ബ അഭിപ്രായപ്പെട്ടു.
എം.ജി. മോട്ടോഴ്സ് ആദ്യമായി ഇന്ത്യയില്‍ എത്തിച്ച വാഹനമാണ് ഹെക്ടര്‍. 2019 മേയ് മാസത്തിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തിയത്. വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിട്ട ഈ വാഹനത്തിന്റെ 72,500-ഓളം യൂണിറ്റാണ് ഇതിനോടകം വിറ്റഴിച്ചിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ ആദ്യ ഫുള്ളി കണക്ടഡ് കാര്‍ എന്ന വിശേഷണം ഹെക്ടറിന് സ്വന്തമാണ്. എം.ജി. മോട്ടോഴ്സിന്റെ ഐ-സ്മാര്‍ട്ട് ടെക്നോളജിയാണ് ഇതിലെ കണക്ടഡ് ഫീച്ചറുകള്‍ക്ക് അടിസ്ഥാനം.
സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായുള്ള സുരക്ഷ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ്. വെഹിക്കിള്‍ ട്രാക്കിങ്ങ്, ജിയോ ഹെന്സിങ്ങ്, എമര്‍ജന്‍സി അലേര്‍ട്ട്, തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എല്‍.ഇ.ഡി. ഹെഡ്ലൈറ്റ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, അലോയി വീലുകള്‍ എന്നിവ പുറംമോടിയെ ആകര്ഷകമാക്കുമ്പോള് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ അകത്തളത്തെ ഫീച്ചര്‍ സമ്പന്നമാക്കും.
ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള മെക്കാനിക്കല്‍ ഫീച്ചറുകളുമായായിരിക്കും ഹെക്ടര്‍ നേപ്പാളിലെ വിപണിയില്‍ എത്തുക. 141 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന്, 168 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്, സി.വി.ടി. ഓട്ടോമാറ്റിക് എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളും ഹെക്ടറില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: MG Motor India Begins Exporting The Hector SUV To Nepal, MG Hector SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..