എം.ജി. മോട്ടോഴ്‌സിന് മാത്രമായി അവകാശപ്പെടാന്‍ സാധിക്കുന്ന പ്രത്യേകതകള്‍ നല്‍കിയാണ് ഓരോ മോഡലും നിരത്തുകളില്‍ എത്തിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് എസ്.യു.വിയായി എത്തിയ ഹെക്ടര്‍ മുതല്‍ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവുമായി എത്തിയ ഗ്ലോസ്റ്റര്‍ വരെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇനിയെത്താനൊരുങ്ങുന്ന ആസ്റ്ററിലും ഇത്തരത്തിലുള്ള ഒരു പ്രത്യേകത എം.ജി. നല്‍കുന്നുണ്ട്.

വാഹനത്തിനുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് കവറേജ് ലഭ്യമാക്കിയാണ് എം.ജിയുടെ മിഡ്-സൈസ് എസ്.യു.വിയായ ആസ്റ്റര്‍ വരവിനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനായി എം.ജി. മോട്ടോഴ്‌സും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാക്കളായ റിലയന്‍സ് ജിയോയും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്റ്ററിന് പുറമെ, മറ്റുള്ള വാഹനങ്ങളിലും  ഈ കൂട്ടുകെട്ടില്‍ ഇന്റര്‍നെറ്റ് ഒരുങ്ങും.

ജിയോയുടെ സഹായത്തോടെ വാഹനത്തില്‍ മികച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കുമെന്നാണ് എം.ജി. മോട്ടോഴ്‌സ് ഉറപ്പു നല്‍കുന്നത്. നഗരപ്രദേശങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും മികച്ച കണക്ടവിറ്റി സംവിധാനം ഉറപ്പാക്കുന്നതിനായാണ് ജിയോയുമായി സഹകരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഇന്റര്‍നെറ്റ് അധിഷ്ടിതമായ നിരവധി ഫീച്ചറുകളായിരിക്കും എം.ജി. ആസ്റ്ററില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എം.ജി. മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള ഇലക്ട്രിക് എസ്.യു.വിയായ ZS-ന്റെ പെട്രോള്‍ പതിപ്പായിരിക്കും ആസ്റ്റര്‍ എന്നാണ് സൂചന. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നീ വാഹനങ്ങളോട് മത്സരിക്കുന്നതിനായായിരിക്കും എം.ജി. ആസ്റ്റര്‍ നിരത്തുകളില്‍ എത്തുക. പേര് സംബന്ധിച്ച് എം.ജിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.  

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ആസ്റ്ററിന്റെ ഹൃദയം. ഇത് യഥാക്രമം 120 ബി.എച്ച്.പി. പവറും 150 എന്‍.എം. ടോര്‍ക്കും, 163 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ നല്‍കിയേക്കും.

Content Highlights: MG Motor India And Jio Collaborate To Bring Cutting-Edge ‘Connected Car Solutions’ To India