കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചുവടുപിടിച്ച് ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയില്‍ ആദ്യ നിര്‍മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കിയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രമാണ് കമ്പനി ഏറ്റെടുത്തത്. 170 ഏക്കര്‍ പ്രദേശത്ത്‌ വ്യപിച്ചുകിടക്കുന്നതാണ് കേന്ദ്രം. 

എംജി ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 2000 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെത്തുക. ആദ്യഘട്ടത്തില്‍ വര്‍ഷംതോറും 80000 യൂണിറ്റുകള്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് പുറത്തിറക്കാനാകും. 70 ജോലിക്കാരാണ് നിലവില്‍ ഇവിടെയുള്ളത്, 2019-ല്‍ നിര്‍മാണം ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കും. ജനറല്‍ മോട്ടോഴ്സിന്റെ തലപ്പത്തുണ്ടായിരുന്ന രാജീവ് ചാബയാണ് കമ്പനിയുടെ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍. മലയാളികൂടിയായ പി.ബാലേന്ദ്രനാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍.

ഏതെല്ലാം മോഡലുകള്‍ ഇങ്ങെട്ടെത്തിക്കുമെന്ന കാര്യങ്ങള്‍ എം.ജി മോട്ടോഴ്‌സ്‌ വ്യക്തമാക്കിയിട്ടില്ല. MG3, MG GS എന്നിവ ആദ്യ ഘട്ടത്തിലെത്താനാണ് സാധ്യത. ചൈനീസ് വമ്പനൊപ്പം മേക്ക് ഇന്‍ ഇന്ത്യക്ക് ചുവടുപിടിച്ച് കൊറിയക്കാരായ കിയ മോട്ടോഴ്സ് നേരത്തെ മഹാരാഷ്ട്രയില്‍ നിര്‍മാണ കേന്ദ്രങ്ങള്‍ക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അധികം വൈകാതെ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷെയും ഇങ്ങോട്ടെത്തും. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ നിരത്തിലെ ഹിറ്റുകളിലൊന്നായ അംബി എന്ന അംബാസഡറിന് പ്യൂഷെ പുന്‍ര്‍ജന്‍മം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.