ഇന്ത്യന്‍ നിരത്തുകളിലെ പുതുമുഖമായ എംജി മോട്ടോഴ്‌സ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. ഹെക്ടര്‍ എന്ന എസ്‌യുവിക്കും ZS എന്ന ഇലക്ട്രിക് എസ്‌യുവിക്കും പിന്നാലെ മാക്സസ് ഡി 90 എന്ന പുതിയ മോഡല്‍ വീണ്ടും ഇന്ത്യയില്‍ എത്തുകയാണ്. ഈ വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടവും ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, എംജിക്ക് ഈ വാഹനം വളരെ സ്‌പെഷ്യലാണ്. നിലവില്‍ ചൈനീസ് വിപണിയിലുള്ള ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇന്ത്യയിലിറക്കുന്ന ഈ വാഹനത്തില്‍ നല്‍കാന്‍ സ്വന്തമായി 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് എംജിയുടെ മാതൃകമ്പനിയായ എസ്എഐസി.
എംജി ഇന്ത്യയില്‍ ആദ്യമിറക്കിയ ഹെക്ടറില്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ എന്‍ജിന്‍ ഫിയറ്റ്-ക്രൈസ്‌ലര്‍ വികസിപ്പിച്ചതാണ്. മാക്സസ് ഡി 90 എസ്‌യുവിക്കായി എസ്എഐസി നിര്‍മിക്കുന്ന ഡീസല്‍ എന്‍ജിന്‍ 2022-ഓടെ ഹെക്ടറിലും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ പ്രധാനമായും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ടാറ്റ ഗ്രാവിറ്റാസ് എന്നീ എസ്‌യുവികളോട് മത്സരിക്കാനായിരിക്കും മാക്സസ് ഡി 90 എത്തുക.സായ്കിന്റെ ലൈറ്റ് ട്രക്ക് പ്ലാറ്റ്ഫോമിലെത്തുന്ന മാക്‌സസ് ഡി 90-യ്ക്ക് 5,005 എംഎം നീളവും, 1,932 എംഎം വീതിയും, 1,875 എംഎം ഉയരവുമാണുള്ളത്.
2950 എംഎം എന്ന എതിരാളികളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് മറ്റൊരു പ്രത്യേകത. അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍ കരുത്തന്‍ എസ്.യു.വി.ക്ക് വേണ്ട വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ കരുത്തിന്റെ പ്രതീകമാകും.
ഹെക്ടറിലെ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുമുണ്ടാകും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് 8.0 ഇഞ്ച് വലിപ്പമുണ്ട്. മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിപണിയിലെ ആദ്യഘടകങ്ങള്‍ ഇതില്‍ ഒത്തുചേരുന്നുണ്ട്.
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടെയുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഹില്‍ അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നീ സംവിധാനങ്ങള്‍ എംജിയുടെ ഈ പുത്തന്‍ കരുത്തന് സുരക്ഷയൊരുക്കും.
Content Highlights: MG Maxus D90 To Receive SAIC Sourced 2.0-litre Diesel Engine