എം.ജി. മോട്ടോഴ്‌സിലെ വനിത ജീവനക്കാരുടെ കൂട്ടായ്മയില്‍ ഹെക്ടറിന്റെ ഉത്പാദനം 50,000 തികഞ്ഞു. ഗുജറാത്തിലെ ഹലോല്‍ പ്ലാന്റില്‍ വനിത ജീവനക്കാരാണ് 50,000 തികയ്ക്കുന്ന മോഡലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാഹനത്തിന്റെ പാനല്‍ ഒരുക്കിയത് മുതല്‍ അവസാന ഘട്ട ടെസ്റ്റ് റണ്‍ വരെ നടത്തിയത് സ്ത്രീകളാണെന്ന് എം.ജി. മോട്ടോഴ്‌സ് അറിയിച്ചു. 

എം.ജി.മോട്ടോഴ്‌സിന്റെ ഗുജറാത്തിലെ പ്ലാന്റില്‍ 33 ശതമാനം വനിത ജീവനക്കാരാനുള്ളത്. ഇതില്‍ വാഹന നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ളവരും ഉള്‍പ്പെടുന്നുണ്ട്. വാഹനത്തിന്റെ പ്രൊഡക്ഷനില്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെ മികച്ച പ്രവര്‍ത്തനമാണ് വനിത ജീവനക്കാരും നടത്തുന്നതെന്നാണ് എം.ജി. മോട്ടോഴ്‌സ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. 

ഭാവിയില്‍ കമ്പനിയിലെ വനിത ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തുകയാണ് എം.ജി. മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഇതിനായി പ്ലാന്റ് സ്ഥിതി ചെയ്യുന്ന മേഖലയിലെ പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ്‌ കമ്പനിയുടെ തീരുമാനം. ഇതുവഴി ഈ മേഖലയിലെ ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് എം.ജി.മോട്ടോഴ്‌സിന്റെ പ്രതീക്ഷ.

2018 മുതലാണ് നിര്‍മാണ പ്ലാന്റിലേക്ക് എം.ജി.മോട്ടോഴ്‌സ് വനിത ജീവനക്കാരെ എടുത്ത് തുടങ്ങിയത്. 2021 ആയതോടെ പ്ലാന്റിലെ എല്ലാ മേഖലയിലും സ്ത്രീകള്‍ പ്രാവിണ്യം തെളിയിച്ചിട്ടുണ്ടെന്നും എം.ജി. മോട്ടോഴ്‌സ് അഭിപ്രായപ്പെട്ടു. ജോലിഭാരം കുറയ്ക്കുന്നതിനായി പ്ലാന്റില്‍ ഓട്ടോമേറ്റഡ് ഗൈഡഡ് സംവിധാനവും റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ സംവിധാനവും ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Content Highlights: MG marks another first; an all-women crew manufactures 50,000th Hector in Vadodara, Gujarat