ഹെക്ടര്‍ എന്ന എസ്.യു.വിയുടെ മൂന്ന് വകഭേദങ്ങള്‍ ഇന്ന് വീണ്ടും നിരത്തുകളില്‍ എത്തിയിരിക്കുകയാണ്. എം.ജിക്ക് ഇന്ത്യയിലേക്കുള്ള വഴിയൊരുക്കിയ ഹെക്ടറും ഹെക്ടര്‍ പ്ലസും മുഖം മിനുക്കുകയും ഏഴ് സീറ്റുകളിലായി പുതിയ ഹെക്ടര്‍ പ്ലസ് അവതരിപ്പിക്കുകയും ചെയ്തു. റെഗുലര്‍ ഹെക്ടറിന് 12.89 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയും, ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 15.99 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയും, ഏഴ് സീറ്റര്‍ പതിപ്പിന് 13.34 ലക്ഷം മുതല്‍ 18.32 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
എം.ജി. മോട്ടോഴ്‌സ് ഇന്ത്യയിലെത്തി 18 മാസം പിന്നിടുന്നതിനിടെയാണ് ആദ്യ മുഖംമിനുക്കലിന് വിധേയമാകുന്നത്. അകത്തും പുറത്തുമുള്‍പ്പെടെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് മുഖം മിനുക്കിയിരിക്കുന്നത്. എം.ജി. മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിങ്ങ് എസ്.യു.വി. എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള ഹെക്ടര്‍ കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 40,000 യൂണിറ്റാണ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളാണ് നിലവില്‍ നിരത്തുകളില്‍ ഉള്ളത്. ഏഴ് സീറ്റര്‍ ഹെക്ടര്‍ പ്ലസ് വൈകാതെ തന്നെ വിപണിയില്‍ എത്തും.
ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന മാറ്റങ്ങളാണ് ഹെക്ടറിന്റെ എക്‌സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ളത്. എം.ജി. ZS ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്രോമിയം സ്റ്റഡുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, മുന്നിലേയും പിന്നിലേയും ബമ്പറുകളിലെ ഗണ്‍മെറ്റല്‍ ഗ്രേ ഫിനീഷിങ്ങിലുള്ള സ്‌കിഡ് പ്ലേറ്റ്, മുന്‍ മോഡലുകളില്‍ നല്‍കിയിരുന്ന 17 ഇഞ്ച് അലോയി വീലിന് പകരം 18 ഇഞ്ച് വലിപ്പത്തില്‍ പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകള്‍ എന്നിവയാണ് പുതിയ ഹെക്ടറിന്റെ എക്സ്റ്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.
മാറ്റങ്ങള്‍ പ്രധാനമായും ക്യാബിനിലാണ്. മുമ്പുണ്ടായിരുന്ന ബ്ലാക്ക് ഇന്റീരിയറിനൊപ്പം ഓപ്ഷണലായി ഷാംപയിന്‍-ഗോള്‍ഡ് ഡ്യുവല്‍ ടോണ്‍ നിറത്തിലും അകത്തളം ഒരുങ്ങുന്നുണ്ട്. ഇതിനൊപ്പം വയര്‍ലെസ് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, മുന്‍നിര സീറ്റുകളില്‍ ത്രീ സ്‌റ്റെപ്പ് വെന്റിലേഷന്‍ സംവിധാനം എന്നിവയാണ് അധികമായി നല്‍കിയിട്ടുള്ളത്. കണക്ടഡ് കാര്‍ ഫീച്ചറുകളും ഇന്റര്‍നെറ്റ് കാര്‍ സംവിധാനങ്ങളും മുന്‍ മോഡലുകളിലേത് തുടരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
സെഗ്മെന്റിലെ തന്നെ പുതിയ ഹിഗ്ലീഷ് വോയിസ് കമാന്റ് സംവിധാനം ഒരുക്കിയാണ് ഹെക്ടറിലെ സാങ്കേതികവിദ്യ കാര്യക്ഷമമാക്കിയിരിക്കുന്നത്. വാഹനത്തിലെ സേവനങ്ങള്‍ ലഭിക്കുന്നതിന് ഹിന്ദിയില്‍ പറഞ്ഞാലും മതിയെന്നതാണ് ഹിഗ്ലീഷ് വോയിസ് കമാന്റ് സംവിധാനത്തിന്റെ പ്രത്യേകത. ആറ് എയര്‍ബാഗ്, എ.ബി..എസ്. വിത്ത് ഇ.ബി.ഡി., ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ ഫീച്ചറുകളും എം.ജി ഹെക്ടറില്‍ നല്‍കിയിട്ടുണ്ട്.
2021 ഹെക്ടറില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. മുന്‍ മോഡലിന് കരുത്തേകിയിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഇതിലും പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകള്‍ 141 ബി.എച്ച്.പി.പവറും 250 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഡി.സി.ടിയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഡീസല്‍ എന്‍ജിന്‍ 168 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: MG launches All-New Hector 2021 at INR 12.89 lakhs