ന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് ആദ്യവാഹനം പ്രഖ്യാപിച്ചു. എസ്‌യുവി മോഡലായ ഹെക്ടറിലൂടെയായിരിക്കും എംജിയുടെ ഇന്ത്യാ പ്രവേശനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

1930-കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ ഹെക്ടര്‍ ബൈപ്ലെയിനിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എംജി ഇന്ത്യയിലെത്തിക്കുന്ന ആദ്യ എസ്‌യുവിക്ക് ഹെക്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. 

ഹെക്ടര്‍ ഇന്ത്യയിലെ പരീക്ഷണയോട്ടം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പരീക്ഷണവേളയില്‍ പലതവണ ഈ വാഹനം ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍, വാഹനത്തിന്റെ പേര് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്.

എംജി ഹെക്ടര്‍ ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.

170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് . 

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള കമ്പനിയാണ് മോറിസ് ഗാരേജസ് (MG). അടുത്ത വര്‍ഷം പകുതിയോടെ ഈ കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: MG Hector Will Be The First SUV From MG In India