ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് കോംപാക്ട് എസ്‌യുവിയായ ഹെക്ടറിലൂടെ ഇന്ത്യാപ്രവേശനത്തിനൊരുങ്ങുകയാണ്. ഏറെ സ്റ്റൈലിഷായ ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന ഫീച്ചറാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 

ഏകദേശം റൂഫില്‍ മുഴുവന്‍ എത്തുന്ന ഇലക്ട്രിക് സണ്‍ റൂഫാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. 1460 X 832 എംഎം വലിപ്പമുള്ള സണ്‍റൂഫാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. ഹെക്ടറിന്റെ എല്ലാ എതിരാളികളില്‍ ഉള്ളതിനേക്കാളും വലിപ്പം ഇതിനുണ്ട്.

1930-കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ ഹെക്ടര്‍ ബൈപ്ലെയിനിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എംജി ഇന്ത്യയിലെത്തിക്കുന്ന ആദ്യ എസ്യുവിക്ക് ഹെക്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. 

എംജി ഹെക്ടര്‍ ഇന്ത്യയില്‍ ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടേണ്ടിവരിക. ഈ വാഹനത്തിന് 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്.

170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട് . 

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (ടഅകഇ) ഉടമസ്ഥതയിലുള്ള കമ്പനിയാണ് മോറിസ് ഗാരേജസ് (ങഏ). അടുത്ത വര്‍ഷം പകുതിയോടെ ഈ കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: MG Hector To Offer Biggest Panoramic Sunroof In Its Segment