ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുന്ന എംജി ഹെക്ടറിന്റെ എതിരാളികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ വ്യക്തതയായി. ഹ്യുണ്ടായി ടൂസോണിനും ഹോണ്ട സിആര്‍-വിക്കുമൊപ്പം പരീക്ഷണയോട്ടം നടത്തിയതിലൂടെയാണ് എതിരാളികളെ സംബന്ധിച്ച വിവരം പുറത്തായത്.
ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്ന ഏറ്റവും വലിയ വാഹനമാണ് ടൂസോണ്‍. അതുപോലെ ഹോണ്ടയുടെ പ്രീമിയം എസ്‌യുവി മോഡലാണ് സിആര്‍-വി. ഇതോടെ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കായിരിക്കും എംജി ഹെക്ടര്‍ എത്തുകയെന്ന കാര്യവും ഉറപ്പായി കഴിഞ്ഞു.
1930-കളില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് ഉപയോഗിച്ചിരുന്ന റോയല്‍ ഹെക്ടര്‍ ബൈപ്ലെയിനിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എംജി ഈ എസ്‌യുവിക്ക് ഹെക്ടര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. ഹെക്ടറിന്റെ തനിച്ചുള്ള പരീക്ഷണയോട്ടം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 160 പിഎസ് പവര്‍ ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള കമ്പനിയാണ് മോറിസ് ഗാരേജസ് (MG). അടുത്ത വര്‍ഷം പകുതിയോടെ ഈ കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Content Highlights: MG Hector SUV Spotted On Test With Tucson & CR-V