അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച എംജി (മോറിസ് ഗരേജസ്) ആദ്യ മോഡലായ ഹെക്ടറിന്റെ ബുക്കിങ് താത്കാലികമായി നിര്‍ത്തുന്നു. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെ എത്തിയ ഹെക്ടറിന് വലിയ തോതില്‍ ബുക്കിങ് ലഭിച്ചതോടെയാണ് താത്കാലികമായി ബുക്കിങ് നിര്‍ത്താന്‍ കമ്പനി ഒരുങ്ങുന്നത്. ഇത്ര ഉയര്‍ന്ന ബുക്കിങ്ങിന് മാത്രം ഹെക്ടര്‍ യൂണിറ്റ് നിര്‍മിക്കാനുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി നിലവില്‍ കമ്പനിക്കില്ല. ഈ വര്‍ഷം വിറ്റഴിക്കാന്‍ മാത്രം ഹെക്ടറിന് ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച (19/7/2019) രാത്രിയോടെ ബുക്കിങ് അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വീണ്ടും ബുക്കിങ് തുടങ്ങുന്ന തിയതി പിന്നീട് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ജൂണ്‍ നാലിന് ബുക്കിങ് ആരംഭിച്ചത് മുതല്‍ ഇതുവരെ 21,000 ത്തിലേറെ ബുക്കിങ് ഹെക്ടറിന് ലഭിച്ചിട്ടുണ്ട്. ബുക്കിങ് താത്കാലികമായി നിര്‍ത്തിയതുവഴി എംജിയില്‍ വിശ്വാസമര്‍പ്പിച്ച ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് വാഹനം കൈമാറാന്‍ സാധിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഈ വര്‍ഷം ഒക്ടോബറോടെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ ഇത് 2000 യൂണിറ്റാണ്. ബുക്കിങ്ങില്‍ ഹെക്ടറിന്റെ ഉയര്‍ന്ന വകഭേദങ്ങളായ സ്മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കി.
അഴകും കരുത്തും ഒന്നുചേര്‍ന്ന ഹെക്ടറിന് 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഐ സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്സ് എതിരാളികളില്‍നിന്ന് ഹെക്ടറിനെ വ്യത്യസ്തനാക്കും. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്ജിന് ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.
Content Highlights; MG Hector sold out for 2019, Hector bookings closed temporarily