എംജി മോട്ടോഴ്‌സിന് ഇന്ത്യയിലേക്ക് വഴി തുറന്നുകൊടുത്ത വാഹനമാണ് ഹെക്ടര്‍. അഞ്ച് സീറ്റര്‍ ഹെക്ടര്‍ ക്ലിക്കായതിന് പിന്നാലെ ഏഴ് സീറ്റര്‍ പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് എംജി. ഏഴ് സീറ്റര്‍ ഹെക്ടര്‍ നിരത്തിലെത്തുന്നതിന് മുമ്പുള്ള പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്.

ഹെക്ടറിന്റെ പുതിയ മോഡല്‍ മൂടികെട്ടിയ നിലയില്‍ ഗുജറാത്തിലെ ദേശിയപാതയില്‍ ഓടുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ആണ് പുറത്തുവിട്ടത്. ഗുജറാത്തിലെ ഹാലോലിലാണ് എംജിയുടെ വാഹനനിര്‍മാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് മാറുന്നുണ്ടെങ്കിലും വലിപ്പത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനുമുള്ളത്. ഡിസൈനില്‍ മാത്രമാണ് നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. 

ഹെഡ്‌ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍. ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം.

ഹെക്ടറിന് കരുത്തേകുന്ന എന്‍ജിന്‍ തന്നെയാണോ ഏഴ് സീറ്റര്‍ പതിപ്പിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചനകള്‍. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

താരതമ്യേന എതിരാളികള്‍ കുറഞ്ഞ വാഹനമായിരിക്കും ഹെക്ടറിന്റെ സെവന്‍ സീറ്റര്‍. ഹെക്ടറിന്റെ എതിരാളി ടാറ്റ ഹാരിയര്‍ ആയതിനാല്‍ തന്നെ ഏഴ് സീറ്റര്‍ ഹെക്ടറിന്റെ എതിരാളി ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡലാകുന്ന ഗ്രാവിറ്റാസ് ആയിരിക്കും. എന്നാല്‍, ഗ്രീവിറ്റാസിനെക്കാള്‍ വലിപ്പം ഹെക്ടറിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: MG Hector Seven-Seater Spotted Testing In Gujarat