ന്ത്യയില്‍ നല്ല തുടക്കം ലഭിച്ച വിദേശ വാഹനനിര്‍മാതാക്കളാണ് എംജി മോട്ടോഴ്‌സ്. ആദ്യ വാഹനമായെത്തിയ ഹെക്ടറിനും രണ്ടാമതെത്തിയ ഇലക്ട്രിക് എസ്‌യുവി ZS-നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മൂന്നാമത്തെ വാഹനമെത്തിക്കാനൊരുങ്ങുകയാണ് എംജി. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലെത്തുന്ന ഹെക്ടര്‍ പ്ലസ് എന്ന എസ്‌യുവിയാണ് എംജിയുടെ ഇന്ത്യയിലെ മൂന്നാമന്‍.

ജൂലായിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് പുറത്തുവിട്ടു. എംജിയുടെ റെഗുലര്‍ മോഡലുമായി സാമ്യമുള്ള ഈ വാഹനം പുതിയ നിറങ്ങളില്‍ പ്രതീക്ഷിക്കാം. സ്റ്റാറി ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. യുകെയില്‍ നടന്ന ഈ വാഹനത്തിന്റെ പരസ്യ ചിത്രീകരണത്തില്‍ നിന്നുള്ള ഫോട്ടോയാണിവ.

2020 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹെക്ടര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിയത്. ഉത്പാദനം പൂര്‍ത്തിയായ ഈ വാഹനം തൊട്ടടുത്ത മാസങ്ങളില്‍ തന്നെ നിരത്തുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെയും ലോക്ക്ഡൗണിനേയും തുടര്‍ന്ന് അവതരണം മാറ്റിവയ്ക്കുകയായിരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജൂലായി രണ്ടാമത്തെ ആഴ്ച ഈ വാഹനമെത്തിയേക്കും. 

സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ഇന്റീരിയറിന് കൂടുതല്‍ എക്സിക്യൂട്ടീവ് ഭാവം നല്‍കുന്നതുമൊഴിച്ചാല്‍ റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്. മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളം 40 എംഎം ആ യിട്ടുണ്ട്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനുമുള്ളത്. 

ഹെക്ടര്‍ പ്ലസിന്റെ ഡിസൈന്‍ ശൈലയില്‍ അല്‍പ്പം പുതുമ ഒരുക്കുന്നുണ്ട്. മുന്‍ മോഡലിലെ ക്രോമിയം ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് റേഡിയേറ്റര്‍ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെഡ്‌ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.

2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിനുകളിലാണ് ഹെക്ടര്‍ പ്ലസും എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും, ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

Source: NDTV Car and Bike

Content Highlights: MG Hector Plus SUV Spotted In New Colour; Launch Confirmed In July