എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ ആറ് സീറ്റര്‍ ഹെക്ടര്‍ പ്ലസ് ജൂലൈയില്‍ അവതരിപ്പിച്ചേക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ അനൗദ്യോഗിക ഡീലര്‍ഷിപ്പുതല ബുക്കിങ്ങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2020 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹെക്ടര്‍ പ്ലസ് ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പാണ് ഹെക്ടര്‍ പ്ലസ് എന്ന പേരില്‍ എത്തുന്നത്.
ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഹെക്ടര്‍ പ്ലസ് എത്തുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍, പുതിയ വിവരമനുസരിച്ച് ആറ് സീറ്റര്‍ മോഡലിലായിരിക്കും ഹെക്ടര്‍ പ്ലസ് എത്തുക. ബഞ്ച് സീറ്റുകള്‍ ഒഴിവാക്കി കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്ക് നല്‍കുന്ന ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും മൂന്ന് നിരയിലും നല്‍കുക. വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്‌പേസ് നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത.
സീറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതും ഇന്റീരിയറിന് കൂടുതല്‍ എക്‌സിക്യൂട്ടീവ് ഭാവം നല്‍കുന്നതുമൊഴിച്ചാല്‍ റെഗുലര്‍ ഹെക്ടറിന് സമമായിരിക്കും ഹെക്ടര്‍ പ്ലസ്. മൂന്ന് നിര സീറ്റുകള്‍ ഒരുങ്ങുന്നതോടെ വാഹനത്തിന്റെ നീളത്തില്‍ 40 എംഎം വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതേസമയം, റെഗുലര്‍ ഹെക്ടറിനുള്ള 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനുമുള്ളത്.
ഹെക്ടര്‍ പ്ലസിന്റെ ഡിസൈന്‍ ശൈലയില്‍ അല്‍പ്പം പുതുമ ഒരുക്കുന്നുണ്ട്. മുന്‍ മോഡലിലെ ക്രോമിയം ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലാണ് റേഡിയേറ്റര്‍ ഗ്രില്ല് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെഡ്ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്നീ മൂന്ന് എന്‍ജിനുകളിലാണ് ഹെക്ടര്‍ പ്ലസും എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും, ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.
Source: IndianAutosBlog
Content Highlights: MG Hector Plus Booking Starts; Will Launch In July