ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള മോറിസ് ഗാരേജസ് (MG) അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്താനൊരുങ്ങുകയാണ്. ഗ്ലോസറ്റര്‍ എന്ന കോംപാക്ട് എസ്‌യുവിയിലൂടെയായിരിക്കും എംജിയുടെ പ്രവേശനമെന്നാണ് സൂചന.

ചൈനയിലെ ബവ്ജാന്‍ 530 എസ്.യു.വിയാണ് ഇന്ത്യയില്‍ ഗ്ലോസ്റ്റര്‍ എസ്‌യുവിയാകുന്നത്. ഈ വാഹനം ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. നിലവില്‍ ജീപ്പ് കോംപസ് കൈയാളുന്ന വിപണി പിടിച്ചെടുക്കാനും ടാറ്റ ഹാരിയറിനെ പ്രധാന എതിരാളിയാക്കാനുമാണ് എംജിയുടെ പദ്ധതി.

എംജി ബാഡ്ജ് നല്‍കിയിട്ടുള്ള സിഗ്നേച്ചര്‍ ഗ്രില്‍, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഒരു ലൈറ്റില്‍ നല്‍കിയിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും ഡിആര്‍എല്ലും, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ്, അലോയി വീലുകള്‍ എന്നിവയാണ് എക്‌സിറ്റിരിയറിലുള്ളതെന്നാണ് പരീക്ഷണയോട്ടത്തിലെ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

എതിരാളികളായ കോംപസ്, ഹാരിയര്‍ തുടങ്ങിയ വാഹനങ്ങളെക്കാള്‍ വലിപ്പം എംജിയുടെ ഗ്ലോസ്റ്ററിനുണ്ട്. 4655 എംഎം നീളവും, 1835 എംഎം വീതിയും, 1760 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്.  

ഫീയറ്റില്‍ നിന്ന് കടമെടുത്ത ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഗ്ലോസ്റ്ററിന് കരുത്ത് പകരുകയെന്നാണ് സൂചന. സുരക്ഷ ശക്തമാക്കുന്നതിനായി മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഗ്ലോസ്റ്ററിലുണ്ടാവും.

Content Highlights: MG Gloster Will Be First MG SUV In India; To Challenge Tata Harrier