'ഹലോ, എം.ജി...' ഉറക്കെ വിളിച്ചപ്പോള്‍ മധുരമൊഴിയായി മറുപടി: 'എന്തു സഹായം വേണം...?' സണ്‍റൂഫ് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഖുല്‍ജാ സിംസിം... സണ്‍റൂഫ് തനിയെ തുറന്നു. ഇന്നത്തെ യാത്ര എം.ജി. ഗ്ലോസ്റ്ററിനൊപ്പമാണ്. കാഴ്ചയില്‍ ബാഹുബലി, ഉള്ളിലാകട്ടെ ഫീച്ചറുകള്‍ കൊണ്ടുള്ള തൃശ്ശൂര്‍ പൂരവും.
തലച്ചോറുള്ള വാഹനം
സെന്‍സറുകളിലാണ് പൂര്‍ണ നിയന്ത്രണം. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെയെല്ലാം സെന്‍സറുകളാണ്. പ്രധാന ആകര്‍ഷണമായി തോന്നിയത് സുരക്ഷാ സംവിധാനങ്ങളാണ്. ഒരു ആഡംബര പ്രീമിയം കാറില്‍ വേണ്ടതെല്ലാം അരക്കോടിക്ക് താഴെയുണ്ട്. കമ്പനി പറയുന്നതുപോലെ തലച്ചോറുള്ള വാഹനങ്ങളുടെ കൂട്ടത്തിലേക്കുള്ള ആദ്യപടിയാണിതെന്നാണ്. സുരക്ഷയുടെ പല ഫീച്ചറുകളും അതിന്റ ആദ്യ പടിതന്നെയാണ്. അവയില്‍ ചിലത് ഇതാണ്...
മുന്നിലുള്ള വാഹനത്തിന്റെ വേഗത്തിനനുസരിച്ച് സ്വയം വേഗം ക്രമീകരിക്കുന്നതാണ് ഇതിലെ അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍. സെന്‍സറുകള്‍ തന്നെ ഇതിലും താരം. ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, ഡ്രൈവറുടെ നിയന്ത്രണം പാളിപ്പോകുന്ന അവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ഡ്രൈവര്‍ക്ക് മുമ്പുതന്നെ അപകടം മനസ്സിലാക്കി, സ്വയം ബ്രേക്ക് അപ്ലൈ ചെയ്യുന്നു.
മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയാണെങ്കില്‍ സെന്‍സറുകള്‍ വഴിയായിരിക്കും വാഹനം നിയന്ത്രണം ഏറ്റെടുക്കുക. ഓട്ടോമാറ്റിക് പാര്‍ക്കിങ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്... തുടങ്ങി നീളുകയാണിവ. ഏറ്റവും ആകര്‍ഷിച്ച ഫീച്ചറുകളായതുകൊണ്ടാണ് ആദ്യംതന്നെ പറഞ്ഞുവച്ചത്... സാധാരണ വമ്പന്‍ സ്രാവുകളിലാണ് ഇവയെല്ലാം ഒരുമിച്ചു കാണാറ്്.
ആകാരം
ഇനി മറ്റു കാര്യങ്ങളിലേക്ക് വരാം. രൂപത്തില്‍ ഒരു വമ്പന്‍ കാറാണിത്. അഞ്ച് മീറ്ററിനടുത്ത് വലിപ്പവും 19 ഇഞ്ചിന്റെ വമ്പന്‍ ടയറിലുള്ള ഉയര്‍ന്നുനില്‍പ്പുമെല്ലാം കണ്ടാല്‍ ആരുമൊന്ന് നോക്കും. മുന്നിലെ വലിയ ഷഡ്ഭുജ ഗ്രില്‍ തന്നെയുണ്ട് കാഴ്ചയ്ക്ക്. എം.ജി.യുടെ ചരിത്രം പേറുന്ന ജെറ്റ് എന്‍ജിനില്‍ നിന്നാണത്രെ ഗ്ലോസ്റ്റര്‍ എന്ന പേര് കണ്ടെത്തിയത്.
പ്രൊജക്ടഡ് എല്‍.ഇ.ഡി. ഹെഡ് ലാമ്പുകള്‍ യാത്രകള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കും. ഫോഗ്ലാമ്പുകളും വളവിനനുസരിച്ച് വെളിച്ചം വിതറുന്നതാണ്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയിലും ഗ്ലോസ്റ്ററിന് ചന്തമേറെയാണ്. പ്രധാനമായും ഉയര്‍ന്ന വീല്‍ ആര്‍ച്ചുകളും കടുത്ത ബോഡി ലൈനുകളും ജനല്‍പ്പടിയിലൂടെ മുകളിലേക്കുയരുന്ന വെള്ളി വരകളുമെല്ലാം.

പിന്നിലെ റേസ്ട്രാക്കില്‍ നിന്നാണത്രെ ടെയില്‍ ലാമ്പുകള്‍ പിറവിയെടുത്തത്. 'ഗ്ലോസ്റ്റര്‍' എന്ന് ബമ്പറിന് തൊട്ടുമുകളില്‍ വ്യാപിച്ചുകിടക്കുന്നു. ഇരട്ട എക്‌സ്ഹോസ്റ്റ് പൈപ്പുകളുമാകുമ്പോള്‍ പിന്‍ചന്തം ആവശ്യത്തിനാവുന്നുണ്ട്.
ഉള്ളില്‍ പന്തുകളിക്കാനുള്ള സ്ഥലമുണ്ട്. വിശാലമായ ഗ്രൗണ്ട്. പിന്നിലെ രണ്ടും മൂന്നും നിരകള്‍ സ്ഥലംകൊണ്ട് സമൃദ്ധമാണ്. രണ്ടാം നിരയില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ്. പിന്നിലെ നിരയില്‍ മൂന്നുപേര്‍ക്കും സുഖമായിരിക്കാം. തുകല്‍ പൊതിഞ്ഞതാണ് ഡാഷ്ബോര്‍ഡ്. 20.32 സെന്റിമീറ്ററുള്ള വിശാലമായ ഡിസ്പ്ലേ പരന്നുകിടക്കുന്നു. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഡിജിറ്റലാണ്. വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ എല്ലാം ഇവിടേയും ലഭിക്കും. ടയറിലെ കാറ്റ്, സര്‍വീസ് സമയം... എന്നിങ്ങനെ.
സ്മൂത്ത് ഡ്രൈവിങ്
ഡ്രൈവിങ് സീറ്റിലിരുന്നാല്‍ വിശാലമാണ് കാഴ്ച. സ്റ്റിയറിങ്ങില്‍ പിടിച്ചാല്‍ വലിയ വണ്ടി എന്നൊരു തോന്നലുണ്ടാവില്ല. ഡ്രൈവിങ്ങും സ്മൂത്താണ്. ഡ്രൈവിങ് സീറ്റ് 12 തരത്തില്‍ ക്രമീകരിക്കാം. പുറംതണുപ്പിക്കാനും ചൂടാക്കാനും മസാജിങ്ങും എല്ലാമുണ്ട്. അതു പോരാതെ 64 നിറങ്ങളില്‍ അകത്തളം സുന്ദരമാക്കാനും കഴിയും. 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ എന്‍ജിന്‍ ആവശ്യത്തിന് കരുത്ത് നല്‍കുന്നുണ്ട്.
ഓഫ് റോഡുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവ് തിരഞ്ഞെടുക്കാം. ഇതിനായി ഏഴ് മോഡുകള്‍ തിരഞ്ഞെടുക്കാം... സ്‌നോ, സാന്‍ഡ്, ഇക്കോ, മഡ്, ഓട്ടോ, റോക്ക്, സ്‌പോര്‍ട്ട് എന്നിവയാണിവ. ആവശ്യത്തിന് റെസ്പോണ്‍സ് തരുന്നതാണ് ഈ മോഡുകള്‍. സ്മൂത്താണ് ഡ്രൈവിങ്, എന്‍ജിന്‍ പുറപ്പെടുവിക്കുന്ന ശബ്ദവും കുറവാണ്. അകത്തേക്ക് കേള്‍ക്കുകയേയില്ല.
വില
29.96 ലക്ഷം രൂപ മുതല്‍ 35.59 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ എക്‌സ് ഷോറൂം വില വരുന്നത്. 12 കിലോമീറ്റര്‍ വരെ മൈലേജും ലഭിക്കുമെന്നാണ് ഉപഭോക്താക്കള്‍ അനുവഭവസാക്ഷ്യമായി പറയുന്നത്.
Content Highlights; MG Gloster Premium SUV Test Drive Review