ന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനും ഇസഡ് കാറ്റഗറി സുരക്ഷയുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്ന വ്യവസായ പ്രമുഖനുമാണ് മുകേഷ് അംബാനി. അത്യാഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ സുരക്ഷ വാഹനവ്യൂഹനത്തില്‍ ഇടം നേടാറുള്ളത്. ബി.എം.ഡബ്ല്യു എക്‌സ്5 എസ്.യു.വിയായിരുന്നു അടുത്ത കാലത്ത് വരെ അദ്ദേഹത്തിന്റെ സുരക്ഷ വാഹനങ്ങളായി ഉണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തില്‍ എം.ജിയുടെ ഗ്ലോസ്റ്റര്‍ എസ്.യു.വിയും സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ് വിവരം.

അപകടങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിന്റെ അകമ്പടിയോടെയാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയത്. അതുകൊണ്ട് തന്നെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഗ്ലോസ്റ്റര്‍ ഒരുപടി മുന്നിലാണ്. ഈ ഫീച്ചറായിരിക്കാം ഗ്ലോസ്റ്ററിന് അംബാനിയുടെ സുരക്ഷ വാഹനങ്ങളില്‍ ഇടം നേടി നല്‍കിയതെന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ലെവല്‍ വണ്‍ ഓട്ടോണമസ് വാഹനം എന്ന ഖ്യാതിയും എം.ജി. ഗ്ലോസ്റ്ററിനായിരുന്നു. 

അംബാനിയുടെ മറ്റ് സുരക്ഷ വാഹനങ്ങള്‍ക്ക് സമാനമായി ബോഡി ഡീക്കലുകളും ബീക്കണ്‍ ലൈറ്റും സൈറണുമെല്ലാം നല്‍കിയാണ് ഗ്ലോസ്റ്ററും നിരത്തുകളില്‍ എത്തിയിട്ടുള്ളത്. അതേസമയം, വാഹനത്തില്‍ പോലീസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസിനായി ഗ്ലോസ്റ്റര്‍ വാങ്ങിയതാണോ, അതോ സുരക്ഷയൊരുക്കുന്ന പോലീസ് സേനയ്ക്കായി അംബാനി തന്നെ വാങ്ങിയതാണോ ഈ വാഹനങ്ങള്‍ എന്ന് വ്യക്തമല്ല. സി.എസ്.12 വ്‌ളോഗാണ് ഗ്ലോസ്റ്റര്‍ സുരക്ഷ വാഹനത്തിലെത്തിയതിന്റെ വിഡിയോ പുറത്തുവിട്ടത്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അംബാനി കുടുംബത്തിന് സര്‍ക്കാര്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചത്. ആദ്യ കാലങ്ങളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ, മാരുതി സുസുക്കി ജിപ്‌സി തുടങ്ങിയവയായിരുന്നു സുരക്ഷ വാഹനങ്ങള്‍. എന്നാല്‍, പിന്നീട് അത് മാറുകയും ആഡംബര വാഹനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. അടുത്തിടെ ബി.എം.ഡബ്ല്യു X5 എസ്.യു.വി. സുരക്ഷ വാഹനങ്ങളില്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷ സേനയിലുള്ള സി.ഐ.എസ്.എഫ്. വിഭാഗത്തിനായാണ് ഈ ആഡംബര എസ്.യു.വി. എത്തിയതെന്നാണ് വിവരം. 

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗാണ് അദ്ദേഹത്തിന്റെ സുരക്ഷ വാഹന വ്യാഹനത്തിലെ ഏറ്റവും വിലയുള്ള മോഡലെന്നാണ് വിവരം. ഇതിനൊപ്പം കവചിത വാഹനങ്ങളില്‍ റേഞ്ച് റോവറും ഉപയോഗിക്കുന്നുണ്ട്. 36 സുരക്ഷ ഉദ്യോഗസ്ഥരാണ് മുകേഷ് അംബാനിക്കൊപ്പമുള്ളത്. ബി.എം.ഡബ്ല്യു X5, ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുള്ള വാഹനങ്ങളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഈ നിരയിലേക്കാണ് എം.ജി. മോട്ടോഴ്‌സിന്റെ എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററും എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത്. ഇത് 215 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമുള്ള ലെവല്‍-1 ഓട്ടോണമസ് വാഹനമായാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

Content Highlights: MG Gloster Premium SUV Adds To Ambani's Security Vehicle Convoy