Image: saicmotor
എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനം ഗ്ലോസ്റ്റര്‍ എന്ന ഏഴ് സീറ്റര്‍ എസ്‌യുവിയായിരിക്കുമെന്ന് സൂചന. ചൈനയില്‍ മാക്‌സസ് D90 എന്ന പേരില്‍ ഇറക്കിയിട്ടുള്ള എസ്‌യുവിയായിരിക്കും ഇവിടെ ഗ്ലോസ്റ്റര്‍ ആകുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ പ്രധാനമായും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, വരാന്‍പോകുന്ന ടാറ്റയുടെ ഗ്രാവിറ്റാസ് എന്നീ എസ്‌യുവികളെയാണ് എന്നിവയെയാണ് ഗ്ലോസ്റ്റര്‍ ലക്ഷ്യമിടുന്നത്. സായ്കിന്റെ ലൈറ്റ് ട്രക്ക് പ്ലാറ്റ്‌ഫോമിലെത്തുന്ന ഗ്ലോസ്റ്ററിന് അഞ്ചു മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്. 5,005 മില്ലിമീറ്റര്‍ നീളം, 1,932 മില്ലിമീറ്റര്‍ വീതി, 1,875 മില്ലിമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അളവുകള്‍.
മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറന്‍സ് -2,950 മില്ലിമീറ്റര്‍ ആണ് മറ്റൊരു പ്രത്യേകത. ശ്രേണിയിലെ മറ്റ് വാഹനങ്ങള്‍ക്ക് അവകാശപ്പെടാനില്ലാത്ത അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പുകളും ഈ ഭീമനിലുണ്ടാവും. കരുത്തന്‍ എസ്.യു.വി.ക്ക് വേണ്ട വലിയ ഹെക്സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവ കരുത്തിന്റെ പ്രതീകമാകും.
ഹെക്ടറിലെ ആരും കൊതിക്കുന്ന വലിയ ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് ഇതിലുമുണ്ടാകും. മാക്സസില്‍ ഇപ്പോഴുള്ളത് 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീനാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് 8.0 ഇഞ്ച് വലിപ്പമുണ്ട്. മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിപണിയിലെ ആദ്യഘടകങ്ങള്‍ ഇതില്‍ ഒത്തുചേരുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിലും പിന്നിലല്ല ഇവന്‍. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടെയുള്ള ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഹില്‍ അസിസ്റ്റ്, ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നിവയുമുണ്ട്. വിദേശത്തുള്ളവയ്ക്ക് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് പാര്‍ക്കിങ് ഫങ്ഷന്‍ എന്നിവ അധികമായുണ്ട്. ഇവ ഇവിടെയുണ്ടാകാന്‍ സാധ്യത കുറവാണ്.
2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത്. ഇത് 218 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഇതിലുണ്ടാവും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ചൈനീസ് വിപണിയിലുള്ള മാക്സസ് ഡി 90-ക്ക് കരുത്തേകുന്നത്. ഇത് 224 ബി.എച്ച്.പി. കരുത്തും 360 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Source: India Car News
Content Highlights: MG Gloster; MG Motors Third Model In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..