എം.ജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച നാലാമത്തെ വാഹനമാണ് ഗ്ലോസ്റ്റര്‍ എന്ന പ്രീമിയം എസ്.യു.വി. 28.98 ലക്ഷം രൂപ മുതല്‍ 35.38 ലക്ഷം രൂപ വിലയിലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, ഇത് സ്‌പെഷ്യല്‍ വില ആയിരിക്കുമെന്നും ആദ്യത്തെ 2000 വാഹനങ്ങള്‍ക്ക് ശേഷം വില ഉയരുമെന്നും അവതരണ വേളയില്‍ തന്നെ എംജി അറിയിക്കുകയും ചെയ്തിരുന്നു.

അവതരിപ്പിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ എം.ജി ഗ്ലോസ്റ്റര്‍ 2000 ബുക്കിങ്ങുകള്‍ നേടുകയായിരുന്നു. ഇതിനുപിന്നാലെ മുമ്പ് അറിയിച്ചിരുന്നത് പോലെ ഗ്ലോസ്റ്റര്‍ എസ്.യു.വിയുടെ വില ഒരു ലക്ഷം രൂപയാണ് എം.ജി മോട്ടോഴ്‌സ് ഉയര്‍ത്തിയിരിക്കുന്നത്. മുമ്പ് 28.98 ലക്ഷം രൂപയായിരുന്നു പ്രാരംഭ വിലയെങ്കില്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 29.98 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 

സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് ഗ്ലോസ്റ്റര്‍ എത്തുന്നത്. ഇതില്‍ അടിസ്ഥാന വേരിയന്റായ സൂപ്പറിനാണ് ഒരു ലക്ഷം രൂപ ഉയര്‍ത്തിയത്. അതേസമയം, ഏറ്റവും ഉയര്‍ന്ന വേരിയന്റായ സാവിക്ക് 20,000 രൂപ മാത്രമാണ് വില ഉയര്‍ന്നിരിക്കുന്നത്. മറ്റ് രണ്ട് വേരിയന്റുകള്‍ക്കും വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഒക്ടോബര്‍ എട്ടിനാണ് എം.ജിയുടെ ഈ പ്രീമിയം എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 21 ദിവസത്തിനുള്ളില്‍ തന്നെ 2000 ബുക്കിങ്ങുകളാണ് ഗ്ലോസ്റ്ററിന് ലഭിച്ചത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് അവതരിപ്പിച്ചത് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ഉയരാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ മാസത്തെ എം.ജിയുടെ മൊത്തവില്‍പ്പനയില്‍ ആറ് ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമുള്ള ലെവല്‍-1 ഓട്ടോണമസ് വാഹനമായാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.  ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്ങ്, ഓട്ടോമാറ്റിക് പാര്‍ക്കിങ്ങ് അസിസ്റ്റന്‍സ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വാഹനത്തിലെ ഹൈലൈറ്റാണ്.

2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇത് 215 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ പ്രധാനമായും ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്ടുറാസ് ജി4 എന്നിവയാണ് ഗ്ലോസ്റ്ററിന്റെ എതിരാളികള്‍.

Content Highlights; MG Gloster Announce Price Hike By One Lakh Rupees