ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള മോറിസ് ഗാരേജസ് (MG) അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. എംജിയില്‍നിന്ന് ആദ്യമെത്തുന്നത് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ്. തൊട്ടുപിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി.യും നിരത്തിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. 

സൂചനകള്‍ പ്രകാരം അരങ്ങേറ്റം കുറിക്കുന്ന ആദ്യ എസ്.യു.വി ഹ്യുണ്ടായ് ക്രെറ്റയെക്കാള്‍ വലുതാണ്. ജീപ്പ് കോംപസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയ്ക്കും എംജിയുടെ പിന്നിലായിരിക്കും സ്ഥാനം. നിലവില്‍ എസ്.യു.വികളില്‍ വമ്പന്‍മാരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും ആദ്യ എസ്.യു.വിയിലൂടെ എംജിക്ക് സാധിക്കും. രൂപത്തിലും കരുത്തിലും ഇവരോട് കിടപിടിക്കാവുന്ന ഒരു മോഡലായിരിക്കും എംജിയില്‍ നിന്നെത്തുക എന്നാണ് സൂചന. 

ഇന്ത്യവിട്ട ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് എംജി ഏറ്റെടുത്ത ഹലോലിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ എസ്.യു.വി പുറത്തിറങ്ങുക. SAIC ഉടമസ്ഥയിലുള്ള ബവ്ജാന്‍ 530 എസ്.യു.വിയുമായി സാമ്യമുള്ള മോഡലായിരിക്കും ഇത്. പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ച് വാഹനത്തിന്റെ വില പരമാവധി കുറയ്ക്കാനും കമ്പനി ശ്രമിക്കും. പരമാവധി 20 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഫോര്‍ച്യൂണര്‍, എന്‍ഡവറിനെക്കാള്‍ വളരെ കുറഞ്ഞ വിലയും വിപണിയില്‍ ഈ എസ്.യു.വിക്ക് കുതിപ്പ്‌ നല്‍കിയേക്കും. 

പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും എസ്.യു.വിയുടെ ഇന്റീരിയര്‍. മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ടാകും. അതേസമയം മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം തുടക്കത്തില്‍ ഇവിടെ അരങ്ങേറ്റം കുറിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തുടനീളം 45 ഡീലര്‍ഷിപ്പും 100 ടച്ച് പോയന്റ്സും തുറക്കുമെന്ന് എംജി മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights; MG First SUV For India Will Be A Toyota Fortuner Rival