ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC (ഷാങ്ഹായി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍) ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ബ്രാന്‍ഡായ എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് eZS ഇലക്ട്രിക് എസ്‌യുവി. ആദ്യ മോഡലായ ഹെക്ടര്‍ മികച്ച ജനപ്രീതി നേടിയതിന് പിന്നാലെ പുതിയ ചെറു ഇലക്ട്രിക് എസ്.യു.വി കൂടി എത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി. ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി പുതിയ 2020 eZS മോഡല്‍ ബ്രിട്ടണില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 

ഈ വര്‍ഷം അവസാനത്തോടെ eZS ഇലക്ട്രിക് ഇന്ത്യയിലെത്തുമെന്നാണ് സൂചന. ഒറ്റചാര്‍ജില്‍ 262 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ചെറു ഇലക്ട്രിക് എസ്.യു.വിക്ക് സാധിക്കും. എംജി നിരയിലെ ഏറ്റവും സാങ്കേതിക തികവേറിയ മോഡലാണിതെന്ന് കമ്പനി പറയുന്നു. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 143 പിഎസ് പവറും 353 എന്‍എം ടോര്‍ക്കും വാഹനത്തില്‍ ലഭിക്കും.  സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാനും സാധിക്കും. 

eZS

റഗുലര്‍ പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇതിന്റെ ഇലക്ട്രിക്കിനും. ഹ്യുണ്ടായ് അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ കോന ഇലക്ട്രിക്കാണ് എംജി eZS നെ കാത്തിരിക്കുന്ന എതിരാളി. കോനയുടെ എക്‌സ്‌ഷോറൂം വില 25 ലക്ഷം രൂപയാണ്. അതേസമയം eZSന് ഇതിനും താഴെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബറോടെ ബ്രിട്ടീഷ് വിപണിയിലെത്തുന്ന eZSന് 21,495-23,495 പൗണ്ട് (18.36-20.07 ലക്ഷം രൂപ) വരെയാണ് വിലയെന്നും എംജി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പെക്ക് eZSന്റെ ബാറ്ററി റേഞ്ച്, കപ്പാസിറ്റി എന്നിവയടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ എംജി പുറത്തുവിടും.

ഇന്ത്യന്‍ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച ഉയര്‍ന്ന ബുക്കിങ് കാരണം നിലവില്‍ ആദ്യ മോഡലായ ഹെക്ടറിന്റെ ബുക്കിങ് എംജി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വര്‍ഷം മുഴുവന്‍ വിറ്റഴിക്കാനുള്ള ബുക്കിങ് ഇതിനോടകം ഹെക്ടറിന് ലഭിച്ചിട്ടുണ്ടെന്നും എംജി അറിയിച്ചിരുന്നു. 21,000-ത്തിലേറെ ബുക്കിങാണ് ഇതിനോടകം ഹെക്ടറിന് ലഭിച്ചിട്ടുള്ളത്.

Content Highlights; MG eZS Electric suv coming soon, MG eZS Electric, eZS electric coming soon, Second MG model in india, Electric ZS SUV