സൂപ്പര്‍കാര്‍ എന്ന ആശയത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കിയാണ് എം.ജിയുടെ സൈബര്‍സ്റ്റര്‍ എന്ന ഇലക്ട്രിക്ക് സൂപ്പര്‍ കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സൈബര്‍ ഇടങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിയ ഈ വാഹനത്തെ ഒരു വേദിയിലെത്തിക്കുകയാണ് നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോ ഷോകളില്‍ ഒന്നായ ഷാങ്ഹായി ഓട്ടോ ഷോയിലായിരിക്കും എം.ജി. സൈബര്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തിക്കുക.

എം.ജി. മോട്ടോഴ്‌സിന്റെ ഡിസൈന്‍ വിഭാഗമായ ലണ്ടനിലെ എം.ജി. അഡ്വാന്‍സ്ഡ് ഡിസൈന്‍ സെന്ററിലാണ് സൈബര്‍സ്റ്റര്‍ എന്ന ഹൈ-ടെക് ഇലക്ട്രിക് സൂപ്പര്‍ കാര്‍ നിര്‍മിച്ചത്. സ്‌പോര്‍ട്‌സ് കാറുകളുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാനെന്നോണം രണ്ട് ഡോറുകളും രണ്ട് സീറ്റുകളുമായാണ് സൈബര്‍സ്റ്ററും ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ഇന്ററാക്ടീവ് ഗെയിമിങ്ങ് കോക്ക്പിറ്റും 5G കണക്ടിവിറ്റി പോലുള്ള സംവിധാനങ്ങളും ഈ വാഹനത്തെ കൂടുതല്‍ മികച്ചതാക്കുന്നുണ്ട്.

മുമ്പുതന്നെ ഇലക്ട്രിക് സൂപ്പര്‍ കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഡിസൈന്‍ വെളിപ്പെടുത്തിയത്.  ഐതിഹാസിക എം.ജി.ബി. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വേര്‍ട്ടബിള്‍ ബോഡി സ്റ്റൈലിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. നേര്‍ത്ത ലൈനുകള്‍ പോലെയുള്ള ഹെഡ്ലാമ്പ്, റോഡിനോട് പറ്റിയിരിക്കുന്ന മുന്‍വശം, കര്‍വുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്കും, ഷാര്‍പ്പ് ആയിട്ടുള്ള ലോവര്‍ ലിപ്പും നല്‍കിയാണ് സൈബസ്റ്ററിന്റെ മുഖം അലങ്കരിച്ചിരിക്കുന്നത്. 

MG Cyberster
എം.ജി. സൈബര്‍സ്റ്റര്‍ | Photo: MG Motors India

സ്പോര്‍ട്സ് കാറുകള്‍ക്ക് സമാനമാണ് വശങ്ങള്‍. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയി വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും. മുഖഭാവം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സ്‌റ്റൈലിഷായി ഡിസൈന്‍ ചെയ്തിട്ടുള്ള ടെയ്ല്‍ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്ലുമിനേറ്റിങ്ങ് എം.ജി. ലോഗോ, സ്പോര്‍ട്ടി ഭാവം ഉയര്‍ത്തുന്ന ബമ്പര്‍ എന്നിവ പിന്‍ഭാഗത്തെയും സ്‌റ്റൈലിഷാക്കുന്നുണ്ട്.

അകത്തളം വെളിപ്പെടുത്തുന്ന ടീസറും എം.ജി. കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിജിറ്റല്‍ ഫൈബര്‍ തീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലൈറ്റ് ബാന്‍ഡ്, തിളക്കമുള്ള മെറ്റലുകള്‍, വലിയ എല്‍.ഇ.ഡി. സ്‌ക്രീന്‍ എന്നിവയുടെ കോമ്പിനേഷനാണ് ഇന്റീരിയറിലെ മറ്റൊരു ആകര്‍ഷണം. ഗെയിമിങ്ങ് കോക്പിറ്റ് ആശയത്തോട് നീതി പുലര്‍ത്തി ഗെയിം പാഡ് സ്റ്റീയറിങ്ങ് വീല്‍, സീറോ ഗ്രാവിറ്റി സ്പോര്‍ട്സ് സീറ്റ് എന്നിവയും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 

MG Cyberster
എം.ജി. സൈബര്‍സ്റ്റര്‍ | Photo: MG Motors India

ഈ വാഹനത്തിന്റെ പ്രത്യേകതകള്‍ എം.ജി. മോട്ടോഴ്‌സ് മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് പ്രധാന ആകര്‍ഷണം. 5G ഇന്റര്‍നെറ്റ് കണക്ഷന്‍, മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള കരുത്ത്, ഗെയിമിങ്ങ് കോക്പിറ്റ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമായി ആയിരിക്കും ഈ വാഹനം എത്തുകയെന്നാണ് ആദ്യം പുറത്തുവിട്ട ടീസറില്‍ എം.ജി. വിശദീകരിച്ചിരുന്നത്.

Content Highlights: MG Cyberster Super Car Will Be Making Its Debut aAt The Shanghai Auto Show