2024-ലേക്കൊരു വൈദ്യുത സൂപ്പര്‍ കാറുമായി എം.ജി. മോട്ടോഴ്‌സ്. കഴിഞ്ഞ ദിവസമാണ് വാഹനത്തിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. എം.ജി.യുടെ നൂറാം വര്‍ഷികാഘോഷത്തിലായിരിക്കും 'സൈബര്‍സ്റ്റര്‍' എന്നു പേരിട്ട സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ എത്തുക. വാഹനത്തിന്റെ പ്രത്യേകതകള്‍ എം.ജി. മോട്ടോഴ്‌സ് ആദ്യംതന്നെ വെളിപ്പെടുത്തിയിരുന്നു. 

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 800 കിലോമീറ്റര്‍ റേഞ്ച്, 5ജി ഇന്റര്‍നെറ്റ് കണക്ഷന്‍, മൂന്ന് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള കരുത്ത്, ഗെയിമിങ് കോക്പിറ്റ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമായാണ് സൈബര്‍സ്റ്റര്‍ എത്തുകയെന്നാണ് ടീസറില്‍ എം.ജി. വിശദീകരിച്ചിരുന്നത്. 

എം.ജി. റോഡ്സ്റ്ററിന്റെ ക്ലാസിക് യൂറോപ്യന്‍ കണ്‍വെര്‍ട്ടബിള്‍ ബോഡിയിലാണ് സൈബര്‍സ്റ്റര്‍. നേര്‍ത്ത വരകളാണ് ഹെഡ് ലാമ്പുകള്‍, സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് സമാനമായി പതിഞ്ഞിരിക്കുന്നു മുന്‍വശം. ബോള്‍ഡ് ലൈനുകളും കര്‍വുകളും നല്‍കിയാണ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. വലിയ അലോയ് വീലുകളും വശങ്ങളെ ആകര്‍ഷകമാക്കും.

MG Cyberster

മുഖഭാവം പോലെ ആകര്‍ഷകമാണ് പിന്‍വശവും. സുന്ദരമായ ടെയില്‍ ലാമ്പ്, എല്‍.ഇ.ഡി. ലൈറ്റുകള്‍, ലൈറ്റ് സ്ട്രിപ്പ്, ഇല്യൂമിനേറ്റിങ് എം.ജി. ലോഗോ, സ്‌പോര്‍ട്ടി ഭാവം ഉയര്‍ത്തുന്ന ബമ്പര്‍. പാര്‍ശ്വ വീക്ഷണത്തിലാവട്ടെ, എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിപ്പ് സൃഷ്ടിക്കുന്ന 'ലേസര്‍ ബെല്‍റ്റ്' ആണ് പ്രധാന ആകര്‍ഷണം. 

കാറിന്റെ മുന്നില്‍ നിന്നും പിന്‍ഭാഗത്തോളം നീളുന്ന ഈ സ്ട്രിപ്പ് വാഹനത്തിന്റെ ഭംഗിയേറ്റുന്നു. സെന്‍ട്രല്‍ ലോക്കിങ് മെക്കാനിസവും ചക്രത്തിനൊപ്പം തിരിയുന്ന സ്‌പോക്കും വീലുകളിലുണ്ട്.ഡിജിറ്റല്‍ ഫൈബര്‍ തീമിലാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MG Cyberster

ലൈറ്റ് ബാന്‍ഡ്, തിളക്കമുള്ള മെറ്റലുകള്‍, വലിയ എല്‍.ഇ.ഡി. സ്‌ക്രീന്‍ എന്നിവയാണ് അകത്തളത്തെ സമൃദ്ധമാക്കുന്നത്. ഗെയിമിങ് കോക്പിറ്റ് ആശയത്തോട് നീതിപുലര്‍ത്തി ഗെയിം പാഡ് സ്റ്റീയറിങ് വീല്‍, സീറോ ഗ്രാവിറ്റി സ്‌പോര്‍ട്‌സ് സീറ്റ് എന്നിവയും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എം.ജി.യുടെ മാതൃകമ്പനിയായ സായിക് ആണ് ഈ വാഹനത്തിന്റെ ഡിസൈനിങ് നിര്‍വഹിച്ചിട്ടുള്ളത്.

Content Highlights: MG Cyberster Electric Car Launch On MG Motors Century Celebrations