എം.ജി. മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്‍കിയിരുന്ന അഞ്ചാമത്തെ മോഡലായ ആസ്റ്റര്‍ എസ്.യു.വി. അവതരിപ്പിച്ചു. എം.ജി. മോട്ടോഴ്‌സ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ പതിപ്പായാണ് ഈ വാഹനം വിശേഷിപ്പിക്കപ്പെടുന്നത്. ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി കണക്ടഡ് കാറായി എത്തിയിട്ടുള്ള ആസ്റ്ററിനെ എം.ജിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലായണ് നിര്‍മാതാക്കള്‍ പോലും വിശേഷിപ്പിച്ചിരിക്കുന്നത്.

കണ്‍സെപ്റ്റ് ഓഫ് കാര്‍ ആസ് ഏ പ്ലാറ്റ്‌ഫോം (സി.എ.എ.പി) കണക്ടഡ് കാര്‍ സോഫ്റ്റ്‌വെയറിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, മെഷിന്‍ ലേണിങ്ങ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമാണ് സി.എ.എ.പി. എന്നാണ് സൂചന. ഈ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും എം.ജി. ശ്രേണിയിലെ മറ്റ് വാഹനങ്ങലിലേക്ക് നല്‍കുകയും ചെയ്യുമെന്നാണ് കമ്പനി അറിയിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി റിലയിന്‍സ് ജിയോയുടെ പങ്കാളിത്തത്തോടെയാണ് ആസ്റ്റര്‍ എസ്.യു.വിയെ കണക്ടഡ് കാറാക്കി മാറ്റിയിട്ടുള്ളത്. ജിയോയുടെ 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. ഇത് അതിവേഗ ഇന്‍-കാര്‍ കണക്ടിവിറ്റിയാണ് നല്‍കുന്നത്. ജിയോ കണക്ടിവിറ്റിയുടെ സഹായത്തോടെ വാഹനത്തിനുള്ളില്‍ ലൈവ് ഇന്‍ഫോടെയ്ന്‍മെന്റ്, ടെലിമാറ്റിക്‌സ് ഇ-സിം, ഐ.ഒ.ടി. ടെക് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിനുള്ളില്‍ ഒരുക്കുന്നുണ്ട്. 

MG Astor

ഈ വാഹനത്തിന്റെ പ്രധാനപ്പെട്ട ഹൈലൈറ്റായി വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ പേഴ്‌സണല്‍ അസിസ്റ്റന്‍സ് സംവിധാനമാണ്. ഇതുവഴി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍, പാരാലിമ്പിക് താരം ദീപ മാലിക് എന്നിവരുടെ ശബ്ദത്തിലാണ് നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വാഹനങ്ങളില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ വാഹനം തന്നെ ഉറപ്പാക്കുന്ന ലെവല്‍-2 ഓട്ടോണമസ് സാങ്കേതികവിദ്യയും എം.ജി. മോട്ടോഴ്‌സ് ആദ്യമായി ഈ വാഹനത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. ഇതിലെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റന്‍സ്, റിയര്‍ ഡ്രൈവ് അസിസ്റ്റന്‍സ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ആസ്റ്ററില്‍ ഒരുങ്ങിയിട്ടുണ്ട്.

MG Astor

ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഗ്രില്ലിന്റെ ഘടനയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. സെഗ്മെന്റില്‍ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്‌നോളജിയുള്ള ഡിജിറ്റല്‍ കീയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റങ്ങളാണ്.

അകത്തളം പൂര്‍ണമായും ZS ഇലക്ട്രിക്കില്‍ നിന്ന് കടംകൊണ്ടതാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ഒരുങ്ങുന്നുണ്ട്. 35 ഹിഗ്ലീഷ് കമാന്റുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനമാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. വിക്കിപീഡിയ, കോമഡികള്‍, ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീം, നാവിഗേഷന്‍ തുടങ്ങി 80 ഇന്റര്‍നെറ്റ് ഫീച്ചറുകളും ആസ്റ്ററില്‍ നല്‍കുന്നുണ്ട്.

MG Astor

138 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എന്‍ജിന്‍. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ആസ്റ്റര്‍ എത്തും. ഈ എന്‍ജിനൊപ്പം മാനുവല്‍, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവരാണ് പ്രധാന എതിരാളികള്‍.

Content Highlights: MG Astor SUV Unveiled In India, MG Internet SUV, MG Astor, MG Motors