എം.ജി. മോട്ടോഴ്‌സ് ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ച ആസ്റ്റര്‍ എസ്.യു.വിയുടെ വില പ്രഖ്യാപിച്ചു. അടിസ്ഥാന വേരിയന്റായ വി.ടി.ഐ-ടെക് വേരിയന്റിന് 9.78 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ ഷാര്‍പ്പ് വേരിയന്റിന് 16.78 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. എം.ജി. മോട്ടോഴ്‌സ് മുമ്പ് വിപണിയില്‍ എത്തിച്ച ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലായാണ് ആസ്റ്റര്‍ എസ്.യു.വി. എത്തിയിട്ടുള്ളത്. 

ഓട്ടോണമസ് ലെവല്‍-2 സാങ്കേതികവിദ്യയുമായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഇതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജെന്‍സ് സംവിധാനത്തിന്റെ അകമ്പടിയും ആസ്റ്റര്‍ എസ്.യു.വിയെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട്. കമ്പനിയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഗ്ലോസ്റ്ററില്‍ ലെവല്‍-1 ഓട്ടോണമസ് ഫീച്ചറുകള്‍ നല്‍കിയിരുന്നു. എം.ജിയുടെ വാഹനനിരയില്‍ ഹെക്ടര്‍ എസ്.യു.വിയുടെ താഴെയായിരിക്കും ആസ്റ്ററിന്റെ സ്ഥാനമെന്നാണ് എം.ജി, അറിയിച്ചത്.

MG Astor

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി റിലയിന്‍സ് ജിയോയുടെ പങ്കാളിത്തത്തോടെയാണ് ആസ്റ്റര്‍ എസ്.യു.വിയെ കണക്ടഡ് കാറാക്കി മാറ്റിയിട്ടുള്ളത്. ജിയോയുടെ 4ജി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. ഇത് അതിവേഗ ഇന്‍-കാര്‍ കണക്ടിവിറ്റിയാണ് നല്‍കുന്നത്. ജിയോ കണക്ടിവിറ്റിയുടെ സഹായത്തോടെ വാഹനത്തിനുള്ളില്‍ ലൈവ് ഇന്‍ഫോടെയ്ന്‍മെന്റ്, ടെലിമാറ്റിക്സ് ഇ-സിം, ഐ.ഒ.ടി. ടെക് തുടങ്ങിയ സംവിധാനങ്ങളും ഈ വാഹനത്തിനുള്ളില്‍ ഒരുക്കുന്നുണ്ട്. 

ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ പതിപ്പെന്ന വിശേഷണം ശരിവെക്കുന്ന രൂപമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, ഗ്രില്ലിന്റെ ഘടനയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. സെഗ്മെന്റില്‍ ആദ്യമായി ഹീറ്റഡ് വിങ്ങ് മിററുകളും ബ്ലൂടൂത്ത് ടെക്നോളജിയുള്ള ഡിജിറ്റല്‍ കീയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഷാര്‍പ്പ് ഡിസൈനിലുള്ള ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ഡി.ആര്‍.എല്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍ തുടങ്ങിയവ ഈ വാഹനത്തിലെ ഡിസൈന്‍ മാറ്റങ്ങളാണ്.

MG Astor

അകത്തളം പൂര്‍ണമായും ZS ഇലക്ട്രിക്കില്‍ നിന്ന് കടംകൊണ്ടതാണ്. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ഒരുങ്ങുന്നുണ്ട്. 35 ഹിഗ്ലീഷ് കമാന്റുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനമാണ് ആസ്റ്ററില്‍ നല്‍കിയിട്ടുള്ളത്. വിക്കിപീഡിയ, കോമഡികള്‍, ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീം, നാവിഗേഷന്‍ തുടങ്ങി 80 ഇന്റര്‍നെറ്റ് ഫീച്ചറുകളും ആസ്റ്ററില്‍ നല്‍കുന്നുണ്ട്.

138 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എന്‍ജിന്‍. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ആസ്റ്റര്‍ എത്തും. ഈ എന്‍ജിനൊപ്പം മാനുവല്‍, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്.

Content Highlights: MG Astor SUV Price Revealed, MG Astor Launched In India