ന്ത്യയിലെ ഉത്സവ സീസണിന്റെ ആരംഭം കൂടുതല്‍ ആഘോഷമാക്കി എം.ജി. മോട്ടോഴ്‌സ്. ദീപാവലിക്ക് മുന്നോടിയായുള്ള ധനതെരാസ് ആഘോഷത്തിന്റെ ഭാഗമായി അടുത്തിടെ വിപണിയില്‍ എത്തിയ ആസ്റ്റര്‍ എസ്.യു.വിയുടെ മാസ് ഡെലിവറി നടത്തിയാണ് എം.ജി. മോട്ടോഴ്‌സ് ആഘോഷം പൊടിപൊടിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള 500 ഉപയോക്താക്കള്‍ക്കാണ് ധന്‍തെരാസ് ദിവസത്തില്‍ വാഹനം കൈമാറിയതെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉള്‍പ്പെടെ വാഹനം നിര്‍മാണം കുറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ 500 വാഹനങ്ങള്‍ ഒരുമിച്ച് നല്‍കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് എം.ജി. മോട്ടോഴ്‌സ് വിലയിരുത്തുന്നത്. അതേസമയം, 2021 അവസാനിക്കുന്നതിന് മുമ്പ് 4000 മുതല്‍ 5000 യൂണിറ്റ് വരെ ആസ്റ്റര്‍ എസ്.യു.വി. ഉപയോക്താക്കള്‍ക്ക് കൈമാറാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ എം.ജി. സ്വീകരിക്കുന്ന ബുക്കിങ്ങ് 2022-ലേക്കുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

MG Astor
എം.ജി. ആസ്റ്റര്‍ | Photo: MG Motors

ആദ്യ ബാച്ച് വാഹനങ്ങള്‍ ധന്‍തെരാസ് പോലെ വലിയ ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ആദ്യമായി പേഴ്‌സണല്‍ അസിസ്റ്റന്‍സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനത്തോടെ എത്തിയ ആസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ചിപ്പ് ക്ഷാമം നിലനില്‍ക്കുമ്പോഴും ഈ വര്‍ഷം തന്നെ 5000 വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നും എം.ജി. മോട്ടോഴ്‌സ് പ്രതിനിധി അഭിപ്രായപ്പെട്ടു.
 
സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, ഷാര്‍പ്പ് ഓപ്ഷണല്‍ എന്നീ അഞ്ച് വേരിന്റുകളിലാണ് ആസ്റ്റര്‍ എസ്.യു.വി. വിപണിയില്‍ എത്തിയിട്ടുള്ളത്. ഇതിന് 9.78 ലക്ഷം രൂപ മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. രണ്ട് പെട്രോള്‍ എന്‍ജിനുകളിലും മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലുമാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. ഇലക്ട്രിക് മോഡലായ ZS-ന്റെ പെട്രോള്‍ മോഡലായാണ് ആസ്റ്റര്‍ എസ്.യു.വി. എത്തിയിട്ടുള്ളത്. 

MG Astor
എം.ജി. ആസ്റ്റര്‍ | Photo: MG Motors

138 ബി.എച്ച്.പി. പവറും 220 എന്‍.എം. ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ആസ്റ്ററിന് കരുത്തേകുന്ന ഒരു എന്‍ജിന്‍. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ട്രാന്‍സ്മിഷന്‍ ഒരുക്കും. 108 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ആസ്റ്റര്‍ എത്തും. ഈ എന്‍ജിനൊപ്പം മാനുവല്‍, എട്ട് സ്പീഡ് സി.വി.ടി. എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്.

Content Highlights: MG Astor debuts on the Indian roads with more than 500 deliveries on Dhanteras