2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിരത്തുകളില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ആഡംബര വാഹന നിര്‍മാതാക്കളാണ് മെഴ്‌സിഡീസ് ബെന്‍സ്. എന്നാല്‍, അതിനുമുമ്പ് തന്നെ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും കൂടിയ റേഞ്ച് വാഗ്ദനം ചെയ്ത് പുതിയ കണ്‍സെപ്റ്റ് ഒരുങ്ങുന്നത്. 

വിഷന്‍ EQXX എന്ന പേരിലാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ പുതിയ ഇലക്ട്രിക് കണ്‍സെപ്റ്റ് ഒരുങ്ങിയിട്ടുള്ളത്. മെഴ്‌സിഡീസ് വികസിപ്പിച്ചിട്ടുള്ള പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഒരുങ്ങുന്ന ഈ ഇലക്ട്രിക് മോഡലിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉയര്‍ന്ന സ്പീഡില്‍ ഈ റേഞ്ച് ഉറപ്പാക്കുമെന്നാണ് വിവരം. 

മെഴ്‌സിഡീസിന്റെ വാഹന വിദഗ്ധരുടെ വലിയ നിരയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ നിര്‍മാണത്തിനായി പണിപ്പുരയിലുള്ളത്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഫോര്‍മുല വണ്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ എന്‍ജിനും മറ്റും വികസിപ്പിക്കുന്നവരും ഈ ടീമിലുണ്ട്. EQXX ഇലക്ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ 2022-ന് മുമ്പ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.

ഈ വാഹനത്തില്‍ ഒരുങ്ങുന്ന ബാറ്ററി പാക്കായിരിക്കും ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ശേഷിയെ ആശ്രയിച്ചായിരിക്കും റേഞ്ച് ലഭ്യമാകുക. മെഴ്‌സിഡീസ് അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് മോഡലായ EQC-യില്‍ നല്‍കിയിട്ടുള്ള ബാറ്ററിയെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയായിരിക്കും പുതിയ മോഡലില്‍ നല്‍കുക. ഇത് 20 ശതമാനം അധിക ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

ഈ വാഹനത്തിന്റെ ആദ്യ ടീസര്‍ ചിത്രം നിര്‍മാതാക്കളായ മെഴ്‌സിഡീസ് പുറത്തുവിട്ടിട്ടുണ്ട്. ചിത്രം നല്‍കുന്ന സൂചന അനുസരിച്ച് സെഡാന്‍ ശ്രേണിയിലാണ് ഈ ഇലക്ട്രിക് വാഹനം എത്തുന്നത്. ഡിസൈന്‍, ഫീച്ചര്‍ സംബന്ധിച്ച സൂചനകളെല്ലാം വൈകാതെ കമ്പനി വെളിപ്പെടുത്തുമെന്നാണ് സൂചന. എസ്.യു.വി. ശ്രേണിയില്‍ എത്തിയ EQC-ആണ് മെഴ്‌സിഡീസ് വിപണിയില്‍ എത്തിച്ച ആദ്യ ഇലക്ട്രിക് വാഹനം.

Content Highlights: Mercedes-Benz Working For An Electric Model With 1000Km Range