സോണിയുടെ ഞെട്ടിക്കലിന് പിന്നാലെയാണ് ലാസ് വെഗസില്‍ ബെന്‍സും വന്നത്. പത്തുവര്‍ഷം മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച സയന്‍സ് ഫിക്ഷന്‍ സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രകൃതിസ്‌നേഹവുമായി ഒരു സാങ്കല്‍പ്പിക കാറായിരുന്നു അവതരിപ്പിച്ചത്. 'വിഷന്‍ അവതാര്‍' എന്ന പേരിലായിരുന്നു ആ വൈദ്യുത കാര്‍.

110 കിലോവാട്ടിന്റെ മോട്ടോര്‍ 469 ബി. എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്ററാണ് വാഗ്ദാനം. സ്റ്റിയറിങ്ങില്ലാത്ത വാഹനത്തിന്റെ സെന്‍ട്രല്‍ കണ്‍സോള്‍ ഡ്രൈവറുടെ ഹ്യദയമിടിപ്പും ശ്വാസോച്ഛ്വാസവും മനസ്സിലാക്കിയായിരിക്കും പ്രവര്‍ത്തിക്കുക എന്നാണ് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. അതിനാല്‍, യന്ത്രവും മനുഷ്യനും ഒരുമിക്കുന്ന അദ്ഭുതം സംഭവിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

'അവതാര്‍' എന്ന സിനിമയിലുള്ളതുപോലെ 'വിഷന്‍ അവതാര്‍' പ്രവര്‍ത്തിക്കുന്നത് 'ഗ്രാഫൈന്‍' ഉപയോഗിച്ചാണ്. 2004-ല്‍ കണ്ടെത്തിയ ഗ്രാഫൈന്‍ ലോകത്തെ ഏറ്റവും കരുത്തേറിയ വസ്തുവാണ്. അതേസമയം, കനംകുറഞ്ഞതും റബ്ബര്‍ പോലെ വലിച്ചുനീട്ടാവുന്നതുമാണ്. 


2018-ല്‍ സ്പാനിഷ് സ്റ്റാര്‍ട്ട് അപ്പ് ആയ എര്‍ത്ത്ദാസ് ആണ് ഇത് ബാറ്ററിയായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. 'ലിഥിയം അയോണ്‍' ബാറ്ററികളെക്കാള്‍ പന്ത്രണ്ടിരട്ടി വേഗത്തില്‍ ഇവ ചാര്‍ജ് ചെയ്യാം. ഇതിന്റെ പഠനങ്ങള്‍ നടക്കുന്നതേയുള്ളു. 

അതിനാല്‍ ഗ്രാഫൈന്‍ ബാറ്ററികള്‍ വിപണിയിലില്ല. മറ്റൊന്നു കൂടിയുണ്ട്, ഗ്രാഫൈന്‍ മണ്ണിലലിയുന്ന വസ്തുവായതിനാല്‍ പാരിസ്ഥിതിക പ്രശ്‌നവും ഉണ്ടാക്കുന്നില്ല. വാഹനത്തിന്റെ അകം പൂര്‍ണമായും പുനഃചംക്രമണ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Mercedes-Benz VISION AVTR; Autonomous Electric Car