ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ വാഹനനിര്‍മാതാക്കളെല്ലാം തന്നെ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. ഈ നിരയിലേക്ക് ഏറ്റവുമൊടുവിലെത്തിയിരിക്കുന്നത് ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസാണ്. ബെന്‍സിന്റെ എല്ലാ ശ്രേണിയിലുമുള്ള പുതിയ വാഹനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 

മെഴ്‌സിഡസിന്റെ കാറുകള്‍ വാങ്ങുന്നതിന് പുറമെ, വാഹനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ഇഷ്ടപ്പെട്ട രീതിയില്‍ കസ്റ്റമൈസ് ചെയ്ത് സ്വന്തമാക്കാനുള്ള സൗകര്യം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി വെള്ളിയാഴ്ച തുടങ്ങിയതായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ സി.ഇ.ഒ.യും എം.ഡി.യുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് അറിയിച്ചു.

മെഴ്‌സിഡസ് ഇന്ത്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഈ വര്‍ഷം പത്തിരട്ടി വര്‍ധനയുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. പോര്‍ട്ടലിന്റെ ആരംഭഘട്ടത്തില്‍ ഉപയോഗിച്ച കാറുകളായിരുന്നു ഓണ്‍ലൈന്‍ വഴി വിറ്റിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 150 പഴയ കാറുകള്‍ ഇത്തരത്തില്‍ വിറ്റഴിച്ചതായി അദ്ദേഹം പറഞ്ഞു. 

പുതിയ സൗകര്യംകൂടി ഏര്‍പ്പെടുത്തിയതോടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ എല്ലാ വാഹനങ്ങളുടെയും വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരിശോധിക്കാനാകും. വാഹനം ബുക്ക് ചെയ്താല്‍ ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് അവ വീട്ടിലെത്തിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Content Highlights: Mercedes Benz Start Selling New Vehicles In Online Platform