ലോകത്തെ വമ്പൻ വാഹന നിര്‍മാതാക്കളില്‍ പലരും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലാണ്. ഈ നിരയിലേക്ക് എത്തുകയാണ് ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസും. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോണമസ് കാര്‍ 2024-ല്‍ നിരത്തുകളിലെത്തും. 

മൊബൈല്‍ കംപ്യൂട്ടിങ്, വാഹന വിപണികള്‍ക്ക് ആവശ്യമായ ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകള്‍ നിര്‍മിക്കുന്ന അമേരിക്കന്‍ ടെക്നോളജി കമ്പനിയായ എന്‍വീഡിയ കോര്‍പ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുക. ഇരുകൂട്ടരും ഇതു സംബന്ധിച്ച് ധാരണയിലെത്തി.

വാഹനത്തിന്റെ ചിപ്പുകളും സോഫ്റ്റ്വേറുമായിരിക്കും എന്‍വീഡിയ ലഭ്യമാക്കുക. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഇരു കമ്പനികളും ഡ്രൈവര്‍ലെസ് കാറുകളെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാര്‍ സാങ്കേതിക വിദ്യയെയും കുറിച്ച് അഞ്ചു വര്‍ഷത്തിലേറെയായി പഠിച്ചുവരികയായിരുന്നു.

തായ്‍വാൻ വംശജനായ ജെന്‍സെന്‍ ഹുവാങ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ 1993-ല്‍ അമേരിക്കയില്‍ തുടങ്ങിയ കമ്പനിയാണ് എന്‍വീഡിയ. കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യോഗ്യമായ കമ്പനിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഹുവാങ് പറഞ്ഞു.

Content Highlights: Mercedes-Benz, NVIDIA to Create Driverless Vehicles In 2024