ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ 'മേബാക്ക് ജി.എല്‍.എസ്.600' എസ്.യു.വി. ഇന്ത്യന്‍ വിപണിയിലെത്തി. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 2.43 കോടി രൂപയാണ് ഇവിടത്തെ എക്സ് ഷോറൂം വില. ഈ വര്‍ഷം മെഴ്‌സിഡസ് പ്രഖ്യാപിച്ചിട്ടുള്ള 16 മോഡലുകളില്‍ ഒന്നാണ് 'മേബാക്ക് ജി.എല്‍.എസ്.600'. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയിട്ടുള്ള പുതുതലമുറ ജി.എല്‍.എസ്. എസ്.യു.വി.യുടെ മേബാക്ക് പതിപ്പാണിത്.

അഴകിലെ ആകര്‍ഷണം

മേബാക്ക് സ്റ്റൈലില്‍ ഒരുങ്ങിയിട്ടുള്ള ക്രോമിയം ഗ്രില്ലാണ് മുഖഭാവത്തിന്റെ പ്രധാന ആകര്‍ഷണം. എല്‍.ഇ.ഡി. ഹെഡ്‌ലാംപും ഡി.ആര്‍.എല്ലും അകമ്പടിയുണ്ട്. വലിയ എയര്‍കര്‍ട്ടണുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍, ബമ്പറിലെ ക്രോമിയം സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എടുത്തുപറയേണ്ടത്.

23 ഇഞ്ച് വലിപ്പമുള്ള മള്‍ട്ടി സ്പോക്ക് അലോയി വീലുകളാണ് മേബാക്ക് ജി.എല്‍.എസില്‍ നല്‍കിയിട്ടുള്ളത്. വിന്‍ഡോ ലൈന്‍, ബി-പില്ലര്‍ എന്നിവയില്‍ ക്രോമിയം ആവരണവുമുണ്ട്. എല്‍.ഇ.ഡി. ടെയില്‍ലാംപ്, ടെയില്‍ ഗേറ്റിലെ ക്രോമിയം സ്ട്രിപ്പുകള്‍, ഡിഫ്യൂസര്‍, വലിയ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സൗന്ദര്യവത്കരിക്കുന്നത്.

മേബാക്ക് ജി.എല്‍.എസ്.600

നാല്, അഞ്ച് സീറ്റിങ് ഓപ്ഷനുകളുണ്ട് പുതിയ മേബാക്കില്‍. നീക്കാവുന്നതും മടക്കാവുന്നതുമായ പനോരമിക് സണ്‍റൂഫ്, ഡ്രൈവിങ് സുഖകരമാക്കാന്‍ വെന്റിലേറ്റഡ് മസാജിങ് സീറ്റുകള്‍, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

അകത്തളത്തെ മനോഹരമാക്കുന്ന പ്രധാന ഘടകം ആംബിയന്റ് ലൈറ്റുകളാണ്. ഡ്രൈവര്‍ നിരയില്‍ നല്‍കിയിട്ടുള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇതില്‍ മെഴ്‌സിഡസ് വോയിസ് കമാന്‍ഡും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Mercedes-benz

എന്‍ജിന്‍ വിശേഷങ്ങള്‍

4.0 ലിറ്റര്‍ വി 8 ബൈടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മേബാക്ക് ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് ഇ.ക്യു. ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. റോള്‍സ് റോയ്‌സ് കള്ളിനന്‍, ബെന്റ്‌ലി ബെന്റെയ്ഗ, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡിഷന്‍ വാഹനങ്ങളാണ് ഇതിന്റെ എതിരാളി.

Content Highlights: Mercedes Maybach GLS 600, Luxury SUV