ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസിന്റെ എസ്‌യുവി മോഡല്‍ ബെന്‍സ് ജി-ക്ലാസ് 350ഡി ഒക്ടോബര്‍ 16-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഒരു കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനം ടൊയോട്ട ലാന്‍ഡ് ക്രൂയിസറുമായാണ് ഏറ്റുമുട്ടുന്നത്. 

വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്തായിരിക്കും ഈ വാഹനം ഇന്ത്യയില്‍ എത്തുക. ജി-ക്ലാസിന്റെ സ്‌പോര്‍ട്ടി പതിപ്പായ എഎംജി ജി-63-യെക്കാള്‍ വില കുറഞ്ഞ വാഹനവും കൂടുതല്‍ ആളുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വാഹനമാണിതെന്നാണ് വിലയിരുത്തലുകള്‍.

ജി-63 എഎംജി പോലെ തലയെടുപ്പുള്ള വാഹനമാണ് ജി 350ഡി. എന്നാല്‍, എഎംജിയിലുള്ള പല ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. മെഴ്‌സിഡസ് ലോഗോ പതിപ്പിച്ച ലളിതമായ ഗ്രില്ലും ചെറിയ ബമ്പറും എല്‍ഇഡി ഹെഡ്‌ലാമ്പും ബോണറ്റില്‍ സ്ഥാനം പിടിച്ചിട്ടുള്ള ടേണ്‍ ഇന്റിക്കേറ്ററും എഎംജിക്ക് സമമാണ്. 21 ഇഞ്ച് അലോയി വീലുകളും എഎംജി കിറ്റും ഈ വാഹനത്തില്‍ നല്‍കിയിട്ടില്ല. 

രണ്ട് സ്‌ക്രീനുകളുള്ള വൈഡ് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലും രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. ആര്‍ട്ടികോ ലെതര്‍ ഉപയോഗിച്ചാണ് ഇന്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. 

286 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ വി6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 199 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം 7.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

Content Highlights: Mercedes Benz G-Class Will Be Launch On October 16